Namma Metro: നമ്മ മെട്രോ ബ്ലൂ ലൈന്‍ ഉടന്‍ തുറക്കും; ഒക്ടബോറില്‍ ട്രയല്‍ റണ്‍
Bengaluru Metro Blue Line Takes Big Step Forward with October Trial Run: 17 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഔട്ടര്‍ റിങ് റോഡിന്റെ നീളം. കെആര്‍ പുരം-സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ഹെന്നൂര്‍, ഹെബ്ബാള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് ഘട്ടം ഘട്ടമായി പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. ആകെ 58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മാണം 2024 ഓടെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.

നമ്മ മെട്രോ
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നമ്മ മെട്രോയുടെ ബ്ലൂ ലൈന്‍ പാത തുറക്കാന്‍ പോകുന്നു. ബ്ലൂ ലൈന്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ തുറക്കണമെന്ന് ബെംഗളൂരു നഗരവികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന് (ബിഎംആര്‍സിഎല്‍) നിര്‍ദേശം നല്‍കി. ഒക്ടോബറിനുള്ളില്‍ ഈ റൂട്ടില്‍ പരീക്ഷണയോട്ടങ്ങള്‍ ആരംഭിക്കണമെന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
17 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഔട്ടര്‍ റിങ് റോഡിന്റെ നീളം. കെആര്‍ പുരം-സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ഹെന്നൂര്‍, ഹെബ്ബാള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് ഘട്ടം ഘട്ടമായി പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. ആകെ 58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മാണം 2024 ഓടെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.
2026 ഒക്ടോബറില്‍ ട്രയല്‍ റണ്‍ ആരംഭിച്ച് 2027ല്‍ വാണിജ്യ സര്‍വീസ് ആരംഭിക്കുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ഔട്ടര്‍ റിങ് റോഡിന്റെ 17 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാക്കാനായി കര്‍ണാടക സര്‍ക്കാര്‍ 450 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ സങ്കീര്‍ണതകള്‍ കണക്കിലെടുത്ത് കണ്‍സള്‍ട്ടന്റുമാരാണ് ഡിസൈന്‍ തയാറാക്കിയത്. എന്നാല്‍ ജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. കരട് ഡിസൈന്‍ പൊതുജനങ്ങളുമായി പങ്കുവെക്കും. അന്തിമ ഡിസൈനില്‍ പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന ബൈരെ കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മെട്രോ ഫലപ്രദമായ മാര്‍ഗമാണെന്നും മന്ത്രി അഭിപ്രായപ്പെടുന്നു. നിലവില്‍ സര്‍ക്കാര്‍ മെട്രോയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം. കഴിഞ്ഞ 30 വര്‍ഷമായി അനധികൃത കുടിയേറ്റങ്ങള്‍, ഇടുങ്ങിയ റോഡുകള്‍ തുടങ്ങി വിവിധ കാരണങ്ങള്‍ കൊണ്ട് ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. അതിനാല്‍ ഔട്ടര്‍ റിങ് റോഡിന്റെ പുനര്‍വികസനത്തിന് പുതിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
Also Read: Bullet Train: ഭുവനേശ്വര്‍-ബെംഗളൂരു യാത്രയ്ക്ക് 5 മണിക്കൂര്‍; ഡല്‍ഹിയിലേക്കും പെട്ടെന്നെത്താം
നമ്മ മെട്രോ ബ്ലൂ ലൈന്‍
ബെംഗളൂരുവിലെ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ നീളുന്നതാണ് നമ്മ മെട്രോയുടെ ബ്ലൂ ലൈന്‍. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കൃഷ്ണരാജപുരം വരെയും രണ്ടാം ഘട്ടത്തില്‍ കൃഷ്ണരാജപുരം മുതല്‍ എയര്‍പോര്‍ട്ട് വരെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. 2026 ന്റെ അവസാനത്തോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി 2027 ഓടെ പൂര്‍ണമായി ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏകദേശം 58 കിലോമീറ്റര്‍ നീളമാണ് പാതയ്ക്കുള്ളത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, കെആര്‍ പുരം, ഹെബ്ബാള്‍, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റേഷനുകള്‍. 2027 ഡിസംബറിന് മുമ്പ് പാതയുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിഎംആര്‍സിഎല്‍.
എന്നാല്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത്, മേഖലയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു. വൈകാതെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ യാത്രക്കാരില്‍ നിന്നുള്ള പ്രതിഷേധവും ശക്തമായേക്കാം.
English Summary
Bengaluru’s Namma Metro Blue Line is nearing operational readiness, with trial runs expected to begin in October. The corridor is a key part of the city’s expanding metro network and is expected to improve connectivity once passenger services commence.