Bengaluru Namma Metro: വീണ്ടും ഡ്രൈവറില്ലാ ട്രെയിന്‍; യെല്ലോ ലൈനിലേക്ക് എട്ടാം അതിഥിയെത്തി; ബെംഗളൂരു മെട്രോ കാത്തിരിക്കുന്ന പരീക്ഷണ ഓട്ടം ഉടന്‍
Bengaluru Yellow Line Gets a Boost: ബെംഗളൂരു മെട്രോയുടെ എട്ടാമത് ഡ്രൈവറില്ലാ ട്രെയിൻ ഹെബ്ബഗോഡി ഡിപ്പോയിലെത്തി. ആറ് കോച്ചുകളുള്ള ട്രെയിൻ തിങ്കളാഴ്ചയാണ് ബെംഗളൂരുവിലെത്തിയത്. കൊൽക്കത്തയിൽ നിന്നാണ് ബെംഗളൂരുവിലെത്തിയത്.
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ എട്ടാമത് ഡ്രൈവറില്ലാ ട്രെയിൻ ഹെബ്ബഗോഡി ഡിപ്പോയിലെത്തി. ആറ് കോച്ചുകളുള്ള ട്രെയിൻ തിങ്കളാഴ്ച രാവിലെയാണ് ബെംഗളൂരുവിലെത്തിയത്. കൊൽക്കത്തയിൽ നിന്ന് ജനുവരി 10 നാണ് യാത്ര പുറപ്പെട്ടത്. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഢ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് ആണ് ട്രെയിൻ സെറ്റുകൾ അയച്ചത്. ട്രെയിലറുകളിലാണ് ഇത് ബെംഗളൂരുവില്‍ എത്തിച്ചത്.
പുതിയ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഉടന്‍ നടക്കും. പരീക്ഷണ ഓട്ടം ചൊവ്വാഴ്ച നടക്കുമെന്നാണ് സൂചന. നിലവിൽ 10 മിനിറ്റ് ഇടവേളകളിലാണ് സർവീസുകൾ നടത്തുന്നത്. പരീക്ഷണങ്ങൾ പൂർത്തിയാക്കി വാണിജ്യ സർവീസ് ആരംഭിക്കുന്നതോടെ ട്രെയിനുകൾ തമ്മിലുള്ള സമയക്രമം 8-10 മിനിറ്റായി കുറയ്ക്കാമെന്നാണ് പ്രതീക്ഷ.
അതുവഴി യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാനാകുമെന്നും മെട്രോ അധികൃതര്‍ പ്രതീക്ഷിക്കുന്നു. ആർ.വി. റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലുള്ള യെല്ലോ ലൈനിന് 19.15 കിലോമീറ്റർ ദൈർഘ്യമുണ്ട്. 2025 ഓഗസ്റ്റ് 10-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. അടുത്ത ദിവസം തന്നെ യാത്രക്കാർക്കായി സർവീസ് ആരംഭിക്കാനായി.
ബെംഗളൂരുവിന്റെ തെക്കൻ പ്രദേശങ്ങളെയും ഇലക്ട്രോണിക് സിറ്റി വ്യവസായ മേഖലയെയും മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിതെന്നതാണ് പ്രത്യേകത. എട്ടാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും തിങ്കളാഴ്ച ഹെബ്ബഗോഡി ഡിപ്പോയിൽ എത്തിയത് ഈ പാതയിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പാണ്.
കോച്ചുകൾ ആദ്യം കൂട്ടിയോജിപ്പിച്ച് ഒരു പൂർണ്ണ ട്രെയിൻ സെറ്റാക്കി മാറ്റുമെന്നും തുടർന്ന് പരിശോധനകള്‍ നടത്തുമെന്നും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (ബിഎംആർസിഎൽ) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സിഗ്നലിംഗ് ഇന്റഗ്രേഷൻ ഉൾപ്പെടെയുള്ള സ്റ്റാറ്റിക്, ഡൈനാമിക് പരീക്ഷണങ്ങൾ നടത്തും. നിശ്ചിത കിലോമീറ്റർ ദൂരം പരീക്ഷണ ഓട്ടം നടത്തും. രാത്രിയിൽ സാധാരണ സർവീസുകൾ അവസാനിച്ചതിന് ശേഷമായിരിക്കും പരീക്ഷണ ഓട്ടം നടത്തുന്നതെന്നും ബിഎംആർസിഎൽ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനുശേഷം മാത്രമേ ഔദ്യോഗികമായി സര്‍വീസുകള്‍ ആരംഭിക്കൂ.
ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ ടൈംടേബിൾ അന്തിമമായ ശേഷം തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. പുതിയ ട്രെയിൻ തിരക്കുള്ള സമയത്താണോ അതോ അല്ലാത്ത സമയത്താണോ അധികമായി ഉപയോഗിക്കേണ്ടതെന്ന് വിലയിരുത്തുമെന്നും ബിഎംആർസിഎൽ വൃത്തങ്ങള്‍ വ്യക്തമാക്കി. സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ട്രെയിൻ സർവീസ് തുടങ്ങുന്നതിന് മുമ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന.