Bengaluru Woman Dies: ‘ഭർത്താവ് തുടയില്‍ എന്തോ കുത്തിവച്ചു’; പരിശോധനയിൽ മെർക്കുറിയുടെ സാന്നിധ്യം; ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
Bengaluru Mercury Poisoning Death: പിറ്റേദിവസം വൈകീട്ട് ബോധം വന്നപ്പോൾ വലതുതുടയില്‍ ശക്തമായ വേദന അനുഭവപ്പെട്ടെന്നും ഇവിടെയാണ് ഭര്‍ത്താവ് ഇന്‍ജക്ഷന്‍ നല്‍കിയതെന്നുമായിരുന്നു വിദ്യയുടെ മൊഴി.
ബെംഗളൂരു: ഭർത്താവ് ശരീരത്തിൽ മെർക്കുറി കുത്തിവച്ചെന്ന ആരോപിച്ച യുവതി മരിച്ചു. ബെംഗളൂരു അത്തിബെല്ലെ സ്വദേശിനിയായ വിദ്യയാണ് മരിച്ചത്. കഴിഞ്ഞ ഒൻപത് മാസമായി വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. മരിക്കുന്നതിനു മുൻപ് യുവതി ഭർത്താവിനെതിരെ പോലീസിൽ മൊഴി നൽകുകയായിരുന്നു.
വിദ്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ബസവരാജിനെതിരെ ആട്ടിബലെ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസവരാജു തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും വിദ്യ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇരുവർക്കും നാലു വയസ്സുള്ള ഒരു കുട്ടിയുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് ബാസവരാജു തന്റെ ശരീരത്തില്‍ എന്തോ കുത്തിവെച്ചെന്നായിരുന്നു വിദ്യയുടെ മൊഴി. പിന്നാലെ താൻ ബോധരഹിതയായി. പിറ്റേദിവസം വൈകീട്ട് ബോധം വന്നപ്പോൾ വലതുതുടയില്‍ ശക്തമായ വേദന അനുഭവപ്പെട്ടെന്നും ഇവിടെയാണ് ഭര്‍ത്താവ് ഇന്‍ജക്ഷന്‍ നല്‍കിയതെന്നുമായിരുന്നു വിദ്യയുടെ മൊഴി.
Also Read:ബെംഗളൂരുവിലെ എടിഎം വാൻ കവർച്ചയിൽ 9 പേർ അറസ്റ്റിൽ; 7.1 കോടി രൂപ പിടിച്ചെടുത്തു
മാർച്ച് ഏഴിനാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിദ്യയെ അത്തിബെല്ലെയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് ഓക്‌സ്‌ഫോര്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് വിദ്യയുടെ രക്തത്തില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു.
ഇതിനിടെയിലാണ് വിദ്യയുടെ മൊഴി പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് മരണമൊഴിയായി കണക്കാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിൽ ഭര്‍ത്താവിനെതിരേയുള്ള ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട ആരോപണവും യുവതി ഉന്നയിച്ചതിനാല്‍ ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.