Bharat Taxi: തിരക്ക് കൂടിയാലും നിരക്ക് കൂടില്ല; ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതൽ സർവീസ്
Bharat Taxi Launch: യാത്രക്കാർക്ക് ഓട്ടോ, കാർ, ബൈക്ക് ടാക്സികൾ ബുക്ക് ചെയ്യാൻ ഈ ആപ്പ് വഴി സാധിക്കുന്നു. ഓല, ഉബർ, റാപ്പിഡോ തുടങ്ങിയ സ്വകാര്യ പ്ലാറ്റ്‌ഫോമുകൾക്ക് നെഞ്ചിടിപ്പേറ്റികൊണ്ടാണ് ഭാരത് ടാക്സി ഇറങ്ങുന്നത്. ആൻഡ്രോയിഡിലും ഐഒഎസിലും ഈ ആപ്പ് ലഭിക്കും.
ഓൺലൈൻ ടാക്സികൾക്കായി കേന്ദ്ര സർക്കാറിൻ്റെ പുതിയ സംരംഭവമായ ഭാരത് ടാക്സി ജനുവരി മുതൽ നിരത്തിലേക്ക്. കേന്ദ്ര സഹകരണ മന്ത്രാലയം ആരംഭിച്ച ഭാരത് ടാക്സി ആക്ട് പൈലറ്റ് പദ്ധതിയുടെ ഭാഗമാണ് ഭാരത് ടാക്സി. 2026 ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് ഭാരത് ടാക്സി സേവനത്തിന് ഇറങ്ങുന്നത്. ഓല, ഉബർ, റാപ്പിഡോ തുടങ്ങിയ സ്വകാര്യ പ്ലാറ്റ്‌ഫോമുകൾക്ക് നെഞ്ചിടിപ്പേറ്റികൊണ്ടാണ് ഭാരത് ടാക്സി ഇറങ്ങുന്നത്.
സീറോ കമ്മീഷൻ മോഡൽ നിരത്തിലാണ് ടാക്സി പ്രവർത്തിക്കുന്നത്. ആപ്പ് സഹകർ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡ് ആണ് ഈ പദ്ധതിയ്ക്ക് പിന്നിൽ. കാറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എന്നിവയുടെ എല്ലാം സേവനം ഭാരത് ടാക്‌സിയിലൂടെ ലഭ്യമാകുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. എൻസിഡിസി, ഇഫ്‌കോ, അമുൽ, ക്രിബ്‌കോ, നാഫെഡ്, നബാർഡ്, എൻഡിഡിബി, എൻസിഇഎൽ എന്നിവയുൾപ്പെടെ എട്ട് പ്രമുഖ സഹകരണ, ധനകാര്യ സ്ഥാപനങ്ങൾ സംയുക്തമായി പ്രൊമോട്ട് ചെയ്യുന്ന സഹകാർ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡാണ് ഭാരത് ടാക്സി ആപ്പ് പ്രവർത്തിപ്പിക്കുക. ആൻഡ്രോയിഡിലും ഐഒഎസിലും ഈ ആപ്പ് ലഭിക്കും.
ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനും അവരുടെ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സ്ഥലങ്ങൾ അതിൽ അപ്ഡേറ്റ് ചെയ്യാനും തത്സമയം അവരുടെ യാത്ര ട്രാക്ക് ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. ഡൽഹി-എൻസിആറിലെ ഇതിനകം 51,000-ത്തിലധികം ആളുകൾ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ജനുവരി 15 മുതൽ പൂർണ്ണമായി ഭാരത് ടാക്സി ലോഞ്ച് ചെയ്യാനാണ് നീക്കം.
എന്താണ് ഭാരത് ടാക്സി ആപ്പ്?
പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മൊബൈൽ അധിഷ്ഠിത ക്യാബ് ബുക്കിംഗ് പ്ലാറ്റ്‌ഫോമാണ് ഭാരത് ടാക്സി ആപ്പ്. യാത്രക്കാർക്ക് ഓട്ടോ, കാർ, ബൈക്ക് ടാക്സികൾ ബുക്ക് ചെയ്യാൻ ഈ ആപ്പ് വഴി സാധിക്കുന്നു. രാജ്യത്തെ ആദ്യത്തെ ദേശീയ മൊബിലിറ്റി കോപ്പറേറ്റീവ് ആയി കണക്കാക്കപ്പെടുന്ന സഹകർ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലാണ് ഈ സേവനം ആരംഭിക്കുക. ഇതിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഡ്രൈവർമാർക്ക് സഹാകരമാകുന്ന തരത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.
ഭാരത് ടാക്സിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത സർജ് പ്രൈസിംഗ് ഇല്ല എന്നതാണ്. അതായത് മഴയായാലും തിരക്കേറിയ സമയത്തായാലും ഗതാഗതത്തിനിടയിലായാലും നിരക്കുകൾ വർദ്ധിപ്പിക്കില്ല എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. നിരക്കുകൾ മുൻകൂട്ടി നിശ്ചയിച്ചതും എന്നാൽ യാത്രക്കാർക്ക് താങ്ങാനാകുന്നതും ആണ്. അതിനാൽ യാത്രക്കാർക്ക് എത്ര തുക നൽകേണ്ടിവരുമെന്ന് മുൻകൂട്ടി അറിയാൻ സാധിക്കുന്നു.