INSV Kaundinya: മലയാളിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച കപ്പല്‍; ‘പഴയ പ്രൗഢി’യില്‍ കന്നി വിദേശയാത്രയ്ക്ക് പുറപ്പെട്ട് ഐഎൻഎസ്‌വി കൗണ്ടിന്യ; പ്രശംസിച്ച് പ്രധാനമന്ത്രി
All you need to know about INSV Kaundinya: ഐഎൻഎസ്‌വി കൗണ്ടിന്യയെ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ച നാവികസേന, ഡിസൈനര്‍മാര്‍, കരകൗശല വിദഗ്ധര്‍ തുടങ്ങിയവരെ പ്രശംസിച്ച് പ്രധാനമന്ത്രി. ഐഎൻഎസ്‌വി കൗണ്ടിന്യ കന്നി വിദേശയാത്രയ്ക്ക് പുറപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രശംസ
ന്യൂഡല്‍ഹി: പൗരാണിക കാലത്തെ മാതൃകയില്‍ ഇന്ത്യ നിര്‍മിച്ച ഐഎൻഎസ്‌വി കൗണ്ടിന്യയെ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ച നാവികസേന, ഡിസൈനര്‍മാര്‍, കരകൗശല വിദഗ്ധര്‍ തുടങ്ങിയവരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎൻഎസ്‌വി കൗണ്ടിന്യ കന്നി വിദേശയാത്രയ്ക്ക് പുറപ്പെടുന്ന പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രശംസ. ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഒമാനിലെ മസ്‌കറ്റിലേക്കാണ് കൗണ്ടിന്യ യാത്ര പുറപ്പെട്ടത്.
“പോർബന്തറിൽ നിന്ന് ഒമാനിലെ മസ്കറ്റിലേക്ക് ഐഎൻഎസ്‌വി കൗണ്ടിനിയ കന്നി യാത്ര ആരംഭിക്കുന്നത് കാണാന്‍ മനോഹരമാണ്. പുരാതന രീതിയിലുള്ള തുന്നല്‍വിദ്യയിലൂടെ നിർമ്മിച്ച ഈ കപ്പൽ ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പാരമ്പര്യങ്ങളെ എടുത്തുകാണിക്കുന്നു. ഈ അതുല്യമായ കപ്പലിന് ജീവൻ പകരാൻ പരിശ്രമിച്ച ഡിസൈനർമാർ, കരകൗശല വിദഗ്ധർ, കപ്പൽ നിർമ്മാതാക്കൾ, ഇന്ത്യൻ നാവികസേന എന്നിവരെ അഭിനന്ദിക്കുന്നു. ഗൾഫ് മേഖലയുമായും അതിനപ്പുറത്തുമുള്ള നമ്മുടെ ചരിത്രപരമായ ബന്ധങ്ങൾ പുനരാവിഷ്കരിക്കുന്ന ഈ വേളയില്‍ സുരക്ഷിതവും അവിസ്മരണീയവുമായ ഒരു യാത്രയ്ക്ക് ഒരുങ്ങുന്ന ക്രൂവിന് സുരക്ഷിതവും അവിസ്മരണീയവുമായ യാത്ര ആശംസിക്കുന്നു”, മോദി എക്‌സില്‍ കുറിച്ചു.
Wonderful to see that INSV Kaundinya is embarking on her maiden voyage from Porbandar to Muscat, Oman. Built using the ancient Indian stitched-ship technique, this ship highlights India’s rich maritime traditions. I congratulate the designers, artisans, shipbuilders and the… pic.twitter.com/bVfOF4WCVm
— Narendra Modi (@narendramodi) December 29, 2025
ഐഎൻഎസ്‌വി കൗണ്ടിന്യ
പൗരാണികകാലത്തെ തുന്നല്‍ വിദ്യയിലൂടെ കപ്പല്‍ നിര്‍മ്മിച്ചത്. എഞ്ചിനോ, ആധുനിക പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളോ ഇതില്‍ ഇല്ല. കാറ്റിനെയും മറ്റും ആശ്രയിച്ചാണ് സഞ്ചാരം. ഐഎൻഎസ്‌വി കൗണ്ടിന്യയിലൂടെ പഴമയെ അതേപോലെ വീണ്ടെടുത്തിരിക്കുകയാണ് രാജ്യം. അഞ്ചാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന നിര്‍മ്മാണവിദ്യകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
രൂപകൽപ്പന
അജന്ത ഗുഹാചിത്രങ്ങളിലുള്ള ചുവര്‍ചിത്രങ്ങളുടെ മാതൃകയില്‍ നിന്നും, പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിലെ വിവരണങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കപ്പലിന്റെ രൂപകൽപ്പന. തുടര്‍ന്ന് ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നേവി ഡിസൈന്‍ പുനര്‍നിര്‍മ്മിച്ചു. ഐഐടി മദ്രാസ് ഉൾപ്പെടെയുള്ള അക്കാദമിക് സ്ഥാപനങ്ങളുടെ പിന്തുണയോടെ ഹൈഡ്രോഡൈനാമിക് പരിശോധനയും പഠനങ്ങളും നടത്തി.
ഐഎൻഎസ്‌വി കൗണ്ടിന്യയ്ക്ക് ഏകദേശം 19.6 മീറ്റർ നീളവും 6.5 മീറ്റർ വീതിയും ഉണ്ട്. സാംസ്കാരിക മന്ത്രാലയം, ഇന്ത്യൻ നാവികസേന, ഹോഡി ഇന്നൊവേഷൻസ് എന്നിവ തമ്മിലുള്ള ഒരു ത്രികക്ഷി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിത്തില്‍ 2023 ജൂലൈയിലാണ് പദ്ധതി ആരംഭിച്ചത്. സാംസ്കാരിക മന്ത്രാലയം ധനസഹായം നൽകി.
മലയാളി കരസ്പര്‍ശം
മലയാളിയായ ബാബു ശങ്കരന്റെ നേതൃത്തിലാണ് തുന്നല്‍പ്പണികള്‍ നടത്തിയത്. നാവികസേന മേല്‍നോട്ടം നിര്‍വഹിച്ചു. 2025 ഫെബ്രുവരിയിൽ കപ്പൽ നീറ്റിലിറക്കി. മെയില്‍ കര്‍ണാടകയിലെ കാര്‍വാറില്‍ വച്ച് ഔദ്യോഗികമായി നാവികസനേയുടെ ഭാഗമായി.