Bengaluru Water Bill: വാട്ടർ ബില്ല് മുടങ്ങിയവർക്ക്, ബെംഗളൂരുവിൽ വമ്പൻ ആനുകൂല്യം
2026 ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തേക്ക് ഇത് ലഭ്യമാകും. അക്കൗണ്ടുകൾ ക്രമപ്പെടുത്താനും ബോർഡിന്റെ റവന്യൂ വീണ്ടെടുക്കൽ ഗണ്യമായി മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ
ബെംഗളൂരു: നിങ്ങൾ ബെംഗളൂരു നഗരവാസികളാണോ നിങ്ങൾക്ക് നിങ്ങളുടെ വാട്ടർ ബില്ലിൽ കുടിശ്ശികയുണ്ടോ. എങ്കിലിതാ നിങ്ങൾക്കായി ഒരു വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ഇതുവരെയുള്ള കുടിശ്ശിക അടച്ചു തീർക്കാം. ഇതിന് അനുബന്ധമായുള്ള പിഴയോ, പലിശയോ ഒന്നും തന്നെ ഉപഭോക്താവ് അടക്കേണ്ടതില്ലെന്നതാണ് ഗുണം.
ഏത് മാസം മുതൽ
നിലവിൽ പദ്ധതിക്ക് നഗരവികസന വകുപ്പ് അംഗീകാരം നൽകിയിട്ടുണ്ട്. 2026 ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തേക്ക് ഇത് ലഭ്യമാകും. അക്കൗണ്ടുകൾ ക്രമപ്പെടുത്താനും ബോർഡിന്റെ റവന്യൂ വീണ്ടെടുക്കൽ ഗണ്യമായി മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. ദീർഘകാലമായുള്ള കുടിശ്ശികകൾ തീർപ്പാക്കിയ ഹൈദരാബാദ് മാതൃകയാണ് ബിഡബ്ല്യുഎസ്എസ്ബി ഇതിനായി സ്വീകരിച്ചിരിക്കുന്നത്. പദ്ധതിയിൽ സുതാര്യത ഉറപ്പാക്കുന്നതിനും ഇടനിലക്കാരുടെ ആവശ്യം ഇല്ലാതാക്കുന്നതിനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.
വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും
പദ്ധതിയുടെ ഭാഗമായി ഓൺലൈൻ രജിസ്ട്രേഷനുകൾക്കായി BWSSB അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിനൊപ്പം ഒരു മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റെസിഡൻഷ്യൽ ഉപഭോക്താക്കൾക്ക് ഡിജിറ്റലായി ഇതിൽ അപേക്ഷിക്കാം, അതേസമയം സെറ്റിൽമെൻ്റുകൾ സുഗമമാക്കുന്നതിന് പ്രത്യേക സർക്കാർ സംഘങ്ങൾ സർക്കാർ ഓഫീസുകളും വാണിജ്യ സ്ഥാപനങ്ങളും സന്ദർശിക്കും.
ലോഞ്ച് തീയതി
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ന ഔദ്യോഗിക ലോഞ്ച് തീയതിയും വിശദമായ പേയ്‌മെന്റ് ഷെഡ്യൂളും പ്രഖ്യാപിക്കും. ഈ പദ്ധതി കുടുംബങ്ങളുടെ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുമെന്നും കുടിശ്ശിക ഈടാക്കാനുള്ള ബോർഡിന്റെ കഴിവ് ശക്തിപ്പെടുത്തുമെന്നും അധികൃതർ വിശ്വസിക്കുന്നു.