Nitish Kumar: നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്; ബിഹാർ മുഖ്യമന്ത്രിയെ 13ന് തീരുമാനിക്കും
Nitish Kumar to Take Oath as Rajya Sabha Member Today: പറ്റ്നയിൽ എൻഡിഎ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. ബിഹാറിലെ ഭരണമാറ്റം ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മറ്റി യോഗം ഇന്ന് ഡൽഹിയിൽ യോഗം ചേരുന്നുണ്ടെന്നാണ് വിവരം. അധികാരത്തിന് വേണ്ടിയുള്ള കസേര കളിയാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിമർശിച്ചു.
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറും മുതിർന്ന ജെഡിയു നേതാക്കളും ഇന്നലെ തന്നെ ന്യൂഡൽഹിയിലെത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. ഈ മാസം 13ന് പറ്റ്നയിൽ എൻഡിഎ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. 16നാകും സത്യപ്രതിജ്ഞ.
ബിഹാറിലേക്ക് മടങ്ങും മുമ്പ് ബിജെപി നേതാക്കളുമായി നിതീഷ് കുമാർ ചർച്ചകൾ നടത്തിയേക്കും. ബിഹാറിലെ ഭരണമാറ്റം ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മറ്റി യോഗം ഇന്ന് ഡൽഹിയിൽ യോഗം ചേരുന്നുണ്ടെന്നാണ് വിവരം. അതേസമയം, നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ഉപമുഖ്യമന്ത്രിയായേക്കും.
ബിഹാറിൽ നടക്കുന്നത് അധികാരത്തിന് വേണ്ടിയുള്ള കസേര കളിയാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിമർശിച്ചു. ബിജെപിയും ജെഡിയുവും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി തർക്കമുണ്ടെന്നും ഭരണമുന്നണിയിൽ അസ്ഥിരതയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞ മാർച്ച് 30നാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജി വച്ചത്. പിന്നാലെ കാവൽ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു. അതേസമയം, ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.