Viral News: വവ്വാലുകൾ ഗ്രാമത്തിൻ്റെ കാവൽ മാലാഖമാർ; വിചിത്ര വിശ്വാസവുമായി ഒരു നാട്
Sarasai Village Worships Bats: സരസായി ഗ്രാമത്തിലെ ഒരാൾക്ക് പോലും അവയെ ഭയമില്ല എന്നതാണ് സത്യം. വവ്വാലുകളെ ആരാധിക്കുന്നതിന് പിന്നിലുള്ള കഥയാണ് അതിവിചിത്രം. തലമുറകളായി, വവ്വാലുകളാണ് തങ്ങളുടെ നാടിൻ്റെ സംരക്ഷകരെന്നാണ് ഈ നാട്ടുകാർ വിശ്വസിക്കുന്നത്.

Bats
നിപ വൈറസിൻ്റെ ഉറവിടം എന്ന നിലയിൽ ലോകം മുഴുവൻ പേടിയോടെ നോക്കികാണുന്ന ഒന്നാണ് വവ്വാലുകൾ. പലതരം വൈറസുകൾ വവ്വാലുകൾ മൂലം പകരുമെന്ന ഭീതിയിൽ ഇവയെ നമ്മൾ ആട്ടിപായിക്കുമ്പോൾ, വവ്വാലുകളെ സംരക്ഷിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ഗ്രാമവും ഇവിടെയുണ്ട്. ബീഹാറിലെ പട്‌നയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള വൈശാലി ജില്ലയിലെ സരസായി എന്ന ചെറിയ ഗ്രാമത്തിലാണ് ഈ വിചിത്രമായ ആചാരം വച്ചുപുലർത്തുന്നത്.
ഈ ഗ്രാമത്തിലെത്തിയാൽ ലക്ഷക്കണക്കിന് വവ്വാലുകളാണ് മരങ്ങളിൽ പറ്റിപിടിച്ച് തൂങ്ങിയാടുന്നത്. സരസായി ഗ്രാമത്തിലെ ഒരാൾക്ക് പോലും അവയെ ഭയമില്ല എന്നതാണ് സത്യം. വവ്വാലുകളെ ആരാധിക്കുന്നതിന് പിന്നിലുള്ള കഥയാണ് അതിവിചിത്രം. തലമുറകളായി, വവ്വാലുകളാണ് തങ്ങളുടെ നാടിൻ്റെ സംരക്ഷകരെന്നാണ് ഈ നാട്ടുകാർ വിശ്വസിക്കുന്നത്. അപകടങ്ങളോ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുന്നതിന് മുമ്പ് മൃഗങ്ങൾ അസാധാരണമായി പെരുമാറുന്നുവെന്നും, അതിനാൽ ഗ്രാമവാസികൾക്ക് തയ്യാറെടുക്കാൻ സമയം ലഭിക്കുമെന്നും ഗ്രാമത്തിലെ മുതിർന്നവർ അവകാശപ്പെടുന്നു.
Also Read: തന്നെക്കാൾ സൗന്ദര്യമുള്ളവരെ കണ്ടാൽ അസൂയ, ആറു വയസുകാരിയെ യുവതി കൊലപ്പെടുത്തി
രാത്രിയിലുണ്ടാകുന്ന ഏത് ദുരന്തങ്ങളെയും വവ്വാലുകളുടെ കരച്ചിലിലൂടെ അറിയാൻ സാധിക്കുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഗ്രാമത്തിൽ വർഷങ്ങളായി മോഷണങ്ങളോ കവർച്ചകളോ നടന്നിട്ടില്ലെന്നും ചിലർ അവകാശപ്പെടുന്നു. വിവാഹങ്ങൾക്കും പൂജകൾക്കും മറ്റ് ശുഭകരമായ ഏതെ ചടങ്ങുകൾക്കും മുമ്പ് ഗ്രാമത്തിലുള്ളവർ ആരാധിക്കുന്നത് വവ്വാലുകളെയാണ്. ബദൂർ എന്നാണ് വവ്വാലുകളെ അറിയപ്പെടുന്നത്. അതേസമയം ആരെങ്കിലും അവയെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ അവർക്കുമേൽ കടുത്ത പിഴയും ചുമത്തും.
തലമുറകൾ പഴക്കമുള്ള ഈ ആചാരത്തിന്റെ ഭാഗമായി ഗ്രാമത്തിൽ പല കഥകളും പ്രചരിക്കുന്നുണ്ട്. വിനോദ സഞ്ചാരികളടക്കം നിരവധി ആളുകളാണ് വവ്വാൽകൂട്ടത്തെ കാണാൻ ഇവിടെ എത്തിച്ചേരുന്നത്. ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികളിൽ നിന്ന് പോലും വവ്വാലുകൾ തങ്ങളെ സംരക്ഷിക്കുന്നു എന്നാണ് ഈ ഗ്രാമവാസികൾ പറയുന്നത്. മറ്റുള്ലവർക്ക് അത്ഭുതം തോന്നുമെങ്കിലും ഇത് അവരുടെ ജീവിതത്തിൻ്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു.