Nitin Nabin: ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ; ആരാണ് നിതിൻ നബിൻ?
Nitin Nabin BJP National President: മുതിർന്ന നേതാവ് നവീൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ് നിതിൻ നബിൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിതിൻ്റെ പേര് കടന്നുകൂടിയത്. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് നബിൻ എത്തുന്നത്.
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ (BJP National President) ഇന്ന് പ്രഖ്യാപിക്കും. നിലവിലെ ബിജെപിയുടെ വർക്കിങ് പ്രസിഡന്റ് നിതിൻ നബിനാണ് (Nitin Nabin) പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ജെപി നദ്ദയുടെ പിൻഗാമിയായി എതിരില്ലാതെയാണ് നിതിൻ നബിൻ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും.
ജെപി നഡ്ഡയുടെ പിൻഗാമിയായി 45-കാരനായ നിതിൻ നബിൻ ബിജെപിയുടെ 12-ാമത് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമ്പോൾ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണിത്. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് നബിൻ എത്തുന്നതെന്ന പ്രത്യേകതയും ഈ നിയമനത്തിനുണ്ട്.
ALSO READ: വീണ്ടും കൊലയാളിയാകുന്നു കഫ് സിറപ്, വിലക്കുമായി തമിഴ്നാട് രംഗത്ത്
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നിതിൻ നബിന്റെ പേരിൽ മാത്രമാണ് പത്രികസമർപ്പിക്കപ്പെട്ടത്. ബീഹാറിലെ ബങ്കിപൂർ നിയോജകമണ്ഡലത്തിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ വ്യക്തിയാണ് നിതിൻ. കഴിഞ്ഞ മാസമാണ് നിതിൻ ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി സ്ഥാനമേറ്റത്. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പുതിയ അധ്യക്ഷനാകും പാർട്ടിയെ നയിക്കുക.
മുതിർന്ന നേതാവ് നവീൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ് നിതിൻ നബിൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിതിൻ്റെ പേര് കടന്നുകൂടിയത്. പത്ത് വർഷം ആർഎസ്എസിൽ പ്രവർത്തിച്ചതിൻറെ ചരിത്രവും നിതിനുണ്ട്. യുവമോർച്ചയിലൂടെയാണ് നിതിൻ രാഷ്ട്രീയത്തിലേക്കെത്തിയത്. 2006ൽ പാറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലേക്കെത്തി. പിന്നീടങ്ങോട്ട് വിജയങ്ങൾ മാത്രമാണ് നിതിനെ തേടിയെത്തിയത്.