Arundhati Roy Books Ban: വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു..!; അരുന്ധതി റോയിയുടെ ഉൾപ്പെടെ 25 പുസ്തകങ്ങൾക്ക് ജമ്മുവിൽ നിരോധനം
Books Ban In Jammu Kashmir: ചരിത്രപരമോ രാഷ്ട്രീയപരമോ ആയ വ്യാഖ്യാനങ്ങളുടെ മറവിൽ വിഘടനവാദവും തെറ്റായ വിവരണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പുസ്തകങ്ങൾ. ഇവ യുവാക്കളുടെ മനസ്സിനെ സ്വാധീനിക്കുകയും സുരക്ഷാ സേനകളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ആരോപിച്ചുകൊണ്ടാണ് നീക്കം.

Arundhati Roy
ശ്രീനഗർ: രാജ്യത്തിൻറെ അഖണ്ഡതക്ക് എതിരാണെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് അരുന്ധതി റോയിയുടെ ഉൾപ്പെടെ (Arundhati Roy) 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ 96 -ാം വകുപ്പ് പ്രകാരം, ഈ പുസ്തകങ്ങൾ വിദ്വേഷപരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് ഭീകരവാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ഭരണകൂടത്തിൻ്റെ നടപടി.
സംസ്ഥാനത്ത് നിന്ന് ഈ പുസ്തകങ്ങൾ കണ്ടുകെട്ടാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ചരിത്രപരമോ രാഷ്ട്രീയപരമോ ആയ വ്യാഖ്യാനങ്ങളുടെ മറവിൽ വിഘടനവാദവും തെറ്റായ വിവരണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പുസ്തകങ്ങൾ. ഇവ യുവാക്കളുടെ മനസ്സിനെ സ്വാധീനിക്കുകയും സുരക്ഷാ സേനകളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ആരോപിച്ചുകൊണ്ടാണ് നീക്കം. എ ജി നൂറാനി, അരുന്ധതി റോയ്, വിക്ടോറിയ ഷോഫീൽഡ്, സുമന്ത്ര ബോസ്, ക്രിസ്റ്റഫർ സ്നെഡൻ തുടങ്ങിയവരുടെ പുസ്തകങ്ങളാണ് നിലവിൽ ജമ്മുവിൽ നിരോധനമേർപ്പെടുത്തിയിട്ടുള്ളത്.
ഭാരതീയ ന്യായ സംഹിത 2023-ലെ 192, 196, 197 വകുപ്പുകൾ ലംഘിക്കുന്നതാണ് പുസ്തകങ്ങൾ എന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നിരോധനമെന്നും വ്യക്തമാക്കി ജമ്മു കശ്മീർ ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും വിതരണവും പൂർണമായും സംസ്ഥാനത്ത് നിരോധിക്കുകയും ഇവ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
നിരോധന വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ വിവിധ വകുപ്പുകൾക്കും ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസിനും കൈമാറിയതായാണ് വിവരം. അരുന്ധതി റോയിയുടെ ആസാദി എന്ന പുസ്തകം ഉൾപ്പെടെയാണ് നിരോധിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എഴുത്തുകാരിയും ചരിത്രകാരിയുമായ വിക്ടോറിയ ഷോഫീൽഡിന്റെ “കശ്മീർ സംഘർഷത്തിൽ – ഇന്ത്യയും പാകിസ്ഥാനും അവസാനിക്കാത്ത യുദ്ധവും” എന്ന പുസ്തകവുമാണ് നിരോധിച്ചിട്ടുള്ളത്.