BSF Jawan Martyred: പാക് ഷെല്ല് ആക്രമണത്തിൽ പരിക്കേറ്റ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു
BSF Jawan Martyred In Cross Border Firing at Jammu: ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. മണിപ്പൂർ സ്വദേശിയാണ് ഇദ്ദേഹം. ഇതോടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി.

Bsf Jawan From Manipur Deepak Chingakham
ശ്രീനഗർ: ജമ്മുവിൽ നടന്ന പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. മണിപ്പൂർ സ്വദേശിയാണ് ഇദ്ദേഹം. ഇതോടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി.
ശനിയാഴ്ച ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് ദീപകിന് പരിക്കേറ്റിരുന്നത്. തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം രാത്രിയാണ് വീരമൃത്യു വരിച്ചത്. എട്ടോളം ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. രാജ്യത്തിന്റെ സേവനത്തിനായി പ്രവർത്തിച്ച ധീരനായ കോണ്‍സ്റ്റബിള്‍ ചിംങ്ഖാമിന്റെ പരമമായ ത്യാഗത്തെ തങ്ങള്‍ അഭിവാദ്യം ചെയ്യുന്നുവെന്ന് ബിഎസ്എഫ് എക്‌സില്‍ കുറിച്ചു.ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവർ ചിംങ്ഖാമിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. ജവാന് പൂര്‍ണ ബഹുമതികളോടെ ഇന്ന് ജമ്മു അതിര്‍ത്തി ആസ്ഥാനത്ത് പുഷ്പചക്രം അര്‍പ്പിക്കും.
അതേസമയം കഴിഞ്ഞ ദിവസം സേനാ മേധാവിമാർ നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചെന്ന് വ്യക്തമാക്കിയിരുന്നു. 35 മുതൽ 40 വരെ പാകിസ്ഥാൻ സൈനികർ മരിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. അതേസമയം ഇന്ത്യ പാക് വെടിനിർത്തൽ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് സേന സ്ഥിരീകരിച്ചു. ഇന്നും ഡിജിഎംഒമാരുടെ ചര്‍ച്ച നടക്കും. ഉച്ചയ്ക്ക് 12നാണ് ചര്‍ച്ച നടക്കുക.