Cable TV GST : നികുതി അഞ്ച് ശതമാനമായി കുറയ്ക്കണം…; നിർമ്മല സീതാരാമന് കത്തയച്ച് കേബിൾ ടിവി സംഘടന
Cable TV GST Reduction: ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കണമെന്നാണ് കത്തിൽ പറയുന്നത്. 4 ദശലക്ഷത്തിലധികം കുടുംബങ്ങളാണ് ഇന്നും കേബിൾ ടിവി ഉപയോഗിക്കുന്നത്. ജിഎസ്ടി ഉൾപ്പെടെയുള്ള തുകയിലെ വർദ്ധനവ് ആളുകൾ കേബിൾ കണക്ഷൻ ഉപേക്ഷിക്കാൻ കാരണമാകുന്നതായും അവർ ചൂണ്ടികാട്ടുന്നു.

GST
കേബിൾ ടെലിവിഷൻ സേവനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) കുറയ്ക്കണമെന്ന് ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ (എഐഡിസിഎഫ്). നിലവിലെ 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്നാണ് എഐഡിസിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക സമ്മർദ്ദം വർദ്ധിക്കുന്നതും ഉപഭോക്താക്കൾക്കുള്ള ചെലവ് വർദ്ധിക്കുന്നതും കണക്കിലെടുത്താണ് സംഘടനയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി.
ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കണമെന്നാണ് കത്തിൽ പറയുന്നത്. 4 ദശലക്ഷത്തിലധികം കുടുംബങ്ങളാണ് ഇന്നും കേബിൾ ടിവി ഉപയോഗിക്കുന്നത്. ജിഎസ്ടി ഉൾപ്പെടെയുള്ള തുകയിലെ വർദ്ധനവ് ആളുകൾ കേബിൾ കണക്ഷൻ ഉപേക്ഷിക്കാൻ കാരണമാകുന്നതായും അവർ ചൂണ്ടികാട്ടുന്നു. കൂടാതെ ഓവർ-ദി-ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള മത്സരം കേബിൾ ടിവി വ്യവസായത്തെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
അടുത്ത വർഷങ്ങളിൽ സാറ്റലൈറ്റ് ചാനലുകളുടെ നിരക്കിൽ 600 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് ഉപഭോക്താക്കൾക്ക് പ്രതിമാസം നൽകേണ്ട നിരക്കിൽ 35 മുതൽ 40 ശതമാനം വരെയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം സർക്കാർ ജിഎസ്ടിയിൽ കുറവ് വരുത്തിയാൽ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയില് സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നും എഐഡിസിഎഫ് സെക്രട്ടറി ജനറൽ മനോജ് പി ചങ്കാനി പറഞ്ഞു.
ജിഎസ്ടി കുറയ്ക്കുന്നത് മൂലം ഓപ്പറേറ്റർമാർക്ക് ബിസിനസുകൾ നിലനിർത്താനും, വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനും അതോടൊപ്പം സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി ബ്രോഡ്‌ബാൻഡ് വിപുലീകരണത്തിൽ നിക്ഷേപിക്കുന്നതിനും ആവശ്യമായ സഹായം നൽകാൻ സാധിക്കുമെന്നാണ് എഐഡിസിഎഫ് പറയുന്നത്.
ജിഎസ്ടി കൗൺസിലിന്റെ 56-ാമത് യോഗം സെപ്റ്റംബർ 3-4 തീയതികളിൽ ഡൽഹിയിൽ നടക്കും. നിലവിലുള്ള 5%, 12%, 18%, 28% എന്നീ നാല് തലങ്ങളിലുള്ള ജിഎസ്ടി ഘടന 5%, 18% എന്നീ രണ്ട് നിരക്കുകളാക്കി കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്.