Bengaluru Expressway: 10 കിലോമീറ്റർ കടക്കാൻ ഒന്നര മണിക്കൂർ; ചെന്നൈ-ബെംഗളൂരു യാത്രാദുരിതം തുടരും
Chennai-Bengaluru Highway Expansion Faces Fresh Delay, Commuters Wait Longer: ദേശീയപാതയിലെ ശ്രീപെരുമ്പത്തൂര്‍-കരൈപ്പേട്ടൈ ഭാഗത്തെ 34.5 കിലോമീറ്റര്‍ ദൂരത്തിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ വൈകുന്നത്. 2018ല്‍ ആരംഭിച്ച ആറുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി ആകെ 17 മേല്‍പ്പാലങ്ങള്‍, പാലങ്ങള്‍, വാഹന അടിപ്പാതകള്‍ എന്നിവയാണ് നിര്‍മിക്കേണ്ടത്.

പ്രതീകാത്മക ചിത്രം
ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ക്ക് വീണ്ടും നിരാശ. ചെന്നൈ-ബെംഗളൂരു ദേശീയപാതയുടെ ആറുവരിപ്പാത വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ ഇനിയും കാത്തിരിക്കണം. പദ്ധതിയുടെ പൂര്‍ത്തീകരണ തീയതി 2027 ഓഗസ്റ്റിലേക്ക് നീട്ടിയിരിക്കുകയാണ്. ദേശീയപാത അതോറിറ്റിയുടെ (NHAI) നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പലതവണ സമയപരിധി പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല.
എട്ട് വര്‍ഷമായിട്ടും പണി പൂര്‍ത്തിയായില്ല
ദേശീയപാതയിലെ ശ്രീപെരുമ്പത്തൂര്‍-കരൈപ്പേട്ടൈ ഭാഗത്തെ 34.5 കിലോമീറ്റര്‍ ദൂരത്തിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ വൈകുന്നത്. 2018ല്‍ ആരംഭിച്ച ആറുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി ആകെ 17 മേല്‍പ്പാലങ്ങള്‍, പാലങ്ങള്‍, വാഹന അടിപ്പാതകള്‍ എന്നിവയാണ് നിര്‍മിക്കേണ്ടത്. ഇതില്‍ എട്ടെണ്ണത്തിന്റെ പണി മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
ശ്രീപെരുമ്പത്തൂര്‍ മുതല്‍ വാലാജാപേട്ട് വരെയുള്ള 70 കിലോമീറ്റര്‍ ദൂരത്തിലാണ് വിശാലമായ ആറുവരിപ്പാത പദ്ധതി നടപ്പാക്കുന്നത്. 1,188 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
10 കിലോമീറ്റര്‍ പിന്നിടാന്‍ ഒന്നര മണിക്കൂര്‍
നിര്‍മാണം നടക്കുന്നതിനാല്‍ യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഗതാഗതക്കുരുക്കാണ്. ശ്രീപെരുമ്പത്തൂര്‍ മുതല്‍ സുന്ദരവാച്ചത്രം വരെയുള്ള 10 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 60 മുതല്‍ 90 മിനിറ്റ് വരെ വേണ്ടിവരുന്നുണ്ട്. വാരാന്ത്യങ്ങളിലും ഉത്സവകാലങ്ങളിലും സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നു.
ദീപാവലി സമയത്ത് നവംബര്‍ 5 മുതല്‍ 10 വരെ ശ്രീപെരുമ്പത്തൂര്‍-സുന്ദരവാച്ചത്രം ഭാഗത്ത് ഒമ്പത് കിലോമീറ്റര്‍ വരെ വാഹനങ്ങളുടെ നിര നീണ്ടിരുന്നു. ടോള്‍ നല്‍കി യാത്ര ചെയ്തിട്ടും മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെടേണ്ടി വന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി.
Also Read: Namma Metro: മാഗഡി റോഡ് മുതൽ താവരെകെരെ വരെ മെട്രോ; ബെംഗളൂരുവിൽ പുതിയ ഡബിൾ ഡെക്കർ പാത
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡില്‍ വഴിതിരിച്ചുവിടലുകള്‍ ഏര്‍പ്പെടുത്തിയതും പലയിടത്തും റോഡിന്റെ ഉപരിതലം തകര്‍ന്നതും യാത്ര ദുരിതപൂര്‍ണമാക്കുന്നുണ്ട്. പൊടിശല്യം ബസ് യാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ബാധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
23.3 കിലോമീറ്റര്‍ പണി പൂര്‍ത്തിയായി
നിര്‍മാണം പുരോഗമിക്കുന്ന 34.5 കിലോമീറ്ററില്‍ 23.3 കിലോമീറ്റര്‍ ഭാഗത്തെ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇനി 11.22 കിലോമീറ്റര്‍ ദൂരത്തെ പ്രവര്‍ത്തനങ്ങളാണ് ബാക്കിയുള്ളത്. ഇവ 2027 ഓഗസ്റ്റോടെ പൂര്‍ത്തിയാക്കാനാണ് ദേശീയപാത അതോറിറ്റിയുടെ പുതിയ ലക്ഷ്യം.
സിപ്കോട്ട്, മാമ്പാക്കം, ഏനത്തൂര്‍, മീനാക്ഷി മെഡിക്കല്‍ കോളജ് ജങ്ഷന്‍, ബീമന്തങ്കല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശേഷിക്കുന്നത്. മണ്ണ് ലഭ്യമാക്കുന്നതിലെ ചില തടസങ്ങളും നിര്‍മാണത്തെ ബാധിച്ചിട്ടുണ്ട്. കൂടാതെ, ഗതാഗതം പൂര്‍ണമായി തടയാന്‍ പോലീസിന്റെ അനുമതി ലഭിക്കാത്തതും ജോലികളുടെ വേഗം കുറയ്ക്കുന്നു.
സുന്ദരവാച്ചത്രം ഈസ്റ്റ്, വെസ്റ്റ്, സന്തവേലൂര്‍, സെന്തമംഗലം, രാജാകുളം, വേദല്‍, അണ്ണാ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പൊന്നേരിക്കരൈ തുടങ്ങിയ ഭാഗങ്ങളിലെ മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നിട്ടുണ്ട്.
English Summary
The Chennai-Bengaluru Highway expansion project has been delayed again, with completion now targeted for August 2027. Commuters continue to face severe traffic congestion, with a 10-km stretch taking up to 90 minutes to cross. The Rs 1,188 crore six-laning project is expected to improve connectivity once completed.