Chhattisgarh Nuns Arrest: ജാമ്യത്തിനായി കന്യാസ്ത്രീകൾ ഇന്ന് ഹൈക്കോടതിയിലേക്ക്, നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടികൾ
Chhattisgarh Nuns Arrest: മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഇതിനായി മുതിർന്ന അഭിഭാഷകരെ നിയോഗിക്കും.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഒരാഴ്ചയായി ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. നിയമവിദഗ്ധരുമായുള്ള ചർച്ചയ്ക്ക് ശേഷം കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഇതിനായി മുതിർന്ന അഭിഭാഷകരെ നിയോഗിക്കും.മനുഷ്യക്കടത്ത് ഉൾപ്പെട്ടിട്ടുള്ളതിനാൽ എൻഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതെന്ന് സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എൻഐഎ കോടതിയിൽനിന്ന് ഈ കേസ് വിടുതൽ ചെയ്യിക്കുന്നതിന് ആവശ്യമായ അപേക്ഷ ഛത്തീസ്ഗഡ് സർക്കാർ നൽകും.
അതേസമയം കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും നിരപരാധികളാണെന്ന് ബോധ്യപ്പെട്ടെന്ന നിലയിലാണ് അമിത് ഷാ സംസാരിച്ചതെന്ന് എംപിമാർ പറഞ്ഞു.
ALSO READ: കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണും
പെൻകുട്ടികളുടെ വെളിപ്പെടുത്തൽ
സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടികൾ രംഗത്തെത്തി. കന്യാസ്ത്രീകൾ നിരപരാധികൾ ആണെന്ന് അവർ ആവർത്തിക്കുന്നു. ആരും നിർബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണെന്നും പോകാൻ തയ്യാറായതെന്നും പെൺകുട്ടികൾ പറഞ്ഞു. പൊലീസ് പറയുന്നത് വ്യാജമാണെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷമായി ക്രിസ്തു മതത്തിൽ വിശ്വസിക്കുകയാണ്. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത്. ഞങ്ങൾ പറഞ്ഞത് കേൾക്കാതെയാണ് പൊലീസ് കേസിൽ മതപരിവർത്തനം ഉൾപ്പെടുത്തിയത്. മൊഴിയിൽ പറയാത്ത കാര്യങ്ങൾ പൊലീസ് രേഖപ്പെടുത്തി. കന്യാസ്ത്രീകൾക്കെതിരെ മൊഴികൊടുക്കാൻ ബജ്റംഗ്ദൾ പ്രവർത്തകർ നിർബന്ധിച്ചതായും റെയിൽവെ സ്റ്റേഷനിൽ വച്ച് ആക്രമിച്ചതായും പെൺകുട്ടികൾ പറഞ്ഞു.