RCB Victory Parade Stampede: ബെംഗളൂരു കമ്മീഷ്ണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ചിന്നസ്വാമി ദുരന്തത്തിൽ കടുത്ത നടപടിയുമായി സിദ്ധരമയ്യ
Bengaluru RCB Victory Parade Stampede Updates : തിക്കിലും തിരക്കിലും 11 പേർ മരിക്കാൻ ഇടയായ സംഭവത്തിൽ സിദ്ധരാമയ്യ സർക്കാർ വിമർശനങ്ങൾ നേരിടവെയാണ് ഈ കടുത്ത നടപടി

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടകയിലെ കോൺഗ്രസ് സർക്കാർ. ബെംഗളൂരു കമ്മീഷ്ണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെ സിദ്ധരാമയ്യ സർക്കാർ സസ്പെൻഡ് ചെയ്തു. ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ വിക്ടറി പരേഡിനെ തുടർന്നുണ്ടായ ദുരന്തത്തിൽ കർണാടക സർക്കാരിന് നേരെ ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യ ഭരണകൂടം പോലീസിനെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ ഐപിഎൽ ടീം ആർസിബി, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, സംഘാടകരായ ഡിഎൻഎ എൻ്റർടെയ്ൻമെൻ്റ്സ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. കൂടാതെ സർക്കാർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരു സിറ്റി കമ്മീഷ്ണർ, ഡെപ്യൂട്ടി കമ്മീഷ്ണർ, എസിപി എന്നിവരെയാണ് കർണാടക സർക്കാർ സസ്പെൻഡ് ചെയ്തത്. ആർസിബിയുടെ അധികൃതർക്കെതിരെയും കർണാടക ക്രിക്കറ്റ് അസോസിയേഷനെതിരെയും, സംഘാടകരായ ഡിഎൻഎയ്ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തെ കുറിച്ച് സിഐഡിയുടെ പ്രത്യേക സംഘം അന്വേഷിക്കും. റിട്ടയർ ഹൈക്കോടതി ജസ്റ്റിസ് മിഖായേൽ കുനായുടെ കമ്മീഷനാണ് ജുഡീഷ്യൽ അന്വേഷണം നടത്തുകയെന്നും സിദ്ധരാമയ്യ അറിയിച്ചു.
വിക്ടറി പരേഡ് നടത്തുന്നത് സംബന്ധിച്ച് പോലീസിൻ്റെ നിർദേശം പാലിക്കാൻ ആർസിബിയുടെ അധികൃതർ തയ്യാറായില്ല. കുറച്ച ദിവസം കഴിഞ്ഞ് ആഘോഷം സംഘടിപ്പിക്കാനായിരുന്നു ടീമിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നത്. വിക്ടറി പരേഡിന് മണിക്കൂറുകൾക്ക് മുമ്പ് ആർസിബിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ സ്റ്റേഡിയത്തിലെ പ്രവേശനം സൗജന്യ പാസിലൂടെയാണെന്നായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചിരുന്നത്. പെട്ടെന്ന് വിജയാഘോഷം സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് എടുക്കാൻ പോലീസ് സമയം ലഭിച്ചില്ല.
മുഖ്യമന്ത്രിയുടെ ഉപമുഖ്യമന്ത്രിയുടെയും മറ്റ് നേതാക്കാളുടെയും സാന്നിധ്യമുണ്ടായിരുന്ന വിധാൻ സൗധയ്ക്ക് സമീപം കന്നത്ത പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ സ്റ്റേഡിയത്തിലേക്കെത്തിയപ്പോൾ പോലീസ് സുരക്ഷ കുറഞ്ഞു. ഏകദേശം എട്ട് ലക്ഷം പേരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തടിച്ചു കൂടിയതെന്നാണ് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചത്. വിജയാഘോഷം സ്റ്റേഡിയത്തിനുള്ളിൽ ആരംഭിച്ചപ്പോൾ ഇടുങ്ങിയ ഗേറ്റിനുള്ളിലേക്ക് പ്രവേശിക്കാൻ ആരാധകർ തിരക്ക് കൂട്ടയതോടെയാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.