PM Headless Poster: എക്‌സിൽ പ്രധാനമന്ത്രിയുടെ തലയില്ലാത്ത ചിത്രം; വിവാദമായതോടെ പോസ്റ്റർ നീക്കം ചെയ്ത് കോൺഗ്രസ്
Congress Shares PM Headless Poster: കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതൃത്വം സംഭവത്തിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ പാർട്ടിയുടെ നിലവാരം ഇല്ലാതാക്കുന്നുവെന്നും ആളുകൾക്ക് ഇടയിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതായും വൃത്തങ്ങൾ അറിയിച്ചു.

Pm Headless Poster, PM Narendra Modi
ന്യൂഡൽഹി: വിവാദം ശക്തമായതോടെ എക്സിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചുള്ള തലയില്ലാത്ത ചിത്രം നീക്കം ചെയ്ത് കോൺഗ്രസ്. ബിജെപിയുടെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് ഈ നീക്കം. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം പോസ്റ്റുകൾ പാകിസ്ഥാന്റെ വാദങ്ങൾ പ്രതിധ്വനിപ്പിക്കുകയാണെന്നാണ് ബിജെപി ആരോപിച്ചത്.
പിന്നാലെ പാർട്ടിയുടെ നയത്തിന് ചേരാത്ത ഇത്തരം ഉള്ളടക്കം നീക്കം ചെയ്യണമെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ചെയർപേഴ്സണായ സുപ്രിയ ശ്രീനാറ്റേയെ അറിയിക്കുകയായിരുന്നു. ഇത്തരം ഉള്ളടക്കങ്ങൾക്ക് അനുമതി നൽകിയതിന് സുപ്രിയ ശ്രീനാറ്റേയെ നേതൃത്വം വിമർശിക്കുകയും ചെയ്തു.
കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതൃത്വം സംഭവത്തിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ പാർട്ടിയുടെ നിലവാരം ഇല്ലാതാക്കുന്നുവെന്നും ആളുകൾക്ക് ഇടയിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതായും വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിൽ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിൽക്കുന്നത് ഉയർത്തിക്കാട്ടികൊണ്ടാണ് തലയില്ലാത്ത പോസ്റ്ററുമായി കോൺഗ്രസ് രംഗത്തെത്തിയത്.
പ്രധാനമന്ത്രിയുടെ അഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് ‘ഗയാബ്’ എന്ന വാക്ക് എഴുതിയ ചിത്രമാണ് പാർട്ടി പോസ്റ്റ് ചെയ്തത്. എന്നാൽ പോസ്റ്റിൽ പ്രധാനമന്ത്രി മോദിയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല. “ഉത്തരവാദിത്ത സമയത്ത് അപ്രത്യക്ഷമാകുന്നു” എന്ന അടിക്കുറപോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് വൈറലായതിനെ തുടർന്ന് കോൺഗ്രസിനെ “ലഷ്കർ-ഇ-പാകിസ്ഥാൻ കോൺഗ്രസ്” എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.