Counterfeit notes: വ്യാജന്മാർ പെരുകുന്നു…500 രൂപയുടെ വ്യാജ നോട്ടുകളുടെ വിൽപ്പനയിൽ 37.3% വർദ്ധനവ്
Counterfeit Rs 500 denomination notes detected : 500 രൂപ നോട്ടുകൾക്ക് പുറമെ, 200 രൂപ നോട്ടുകളുടെ കള്ളനോട്ടുകളിലും 13.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024-25 ൽ 32,660 വ്യാജ 200 രൂപ നോട്ടുകൾ പിടിച്ചെടുത്തു. 10, 20, 50, 100 രൂപ നോട്ടുകളുടെ കള്ളനോട്ടുകളും യഥാക്രമം 32.3%, 14%, 21.8%, 23% എന്നിങ്ങനെ വർദ്ധിച്ചു.

ന്യൂഡൽഹി: രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകളുടെ പ്രചാരം വർധിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് 500 രൂപയുടെ വ്യാജ നോട്ടുകൾ കണ്ടെത്തിയതിൽ 37.3 ശതമാനത്തിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ആർ ബി െഎയും ബാങ്കുകളും ചേർന്ന് ഈ സാമ്പത്തിക വർഷം 1.18 ലക്ഷം വ്യാജ 500 രൂപ നോട്ടുകളാണ് കണ്ടെത്തിയത്. ഏകദേശം 5.88 കോടി രൂപയുടെ മൂല്യം വരുന്ന ഈ നോട്ടുകളാണ് ഇത്തവണ കണ്ടെത്തിയത്. ഇത് മുൻ സാമ്പത്തിക വർഷം (2023-24) കണ്ടെത്തിയ 85,711 കള്ളനോട്ടുകളെ (4.28 കോടി രൂപ) അപേക്ഷിച്ച് കൂടുതലാണ്.
500 രൂപ നോട്ടുകൾക്ക് പുറമെ, 200 രൂപ നോട്ടുകളുടെ കള്ളനോട്ടുകളിലും 13.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024-25 ൽ 32,660 വ്യാജ 200 രൂപ നോട്ടുകൾ പിടിച്ചെടുത്തു. 10, 20, 50, 100 രൂപ നോട്ടുകളുടെ കള്ളനോട്ടുകളും യഥാക്രമം 32.3%, 14%, 21.8%, 23% എന്നിങ്ങനെ വർദ്ധിച്ചു. എന്നാൽ, 2000 രൂപ നോട്ടുകളുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2023-24-ൽ 26,035 ആയിരുന്നത് 2024-25-ൽ 3,508 ആയി കുറഞ്ഞു. ഇത് 86.52 ശതമാനം ഇടിവാണ്.
കള്ളനോട്ടുകളുടെ എണ്ണം വർദ്ധിച്ചെങ്കിലും, RBI-യും ബാങ്കുകളും ചേർന്ന് കണ്ടെത്തിയ ആകെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളുടെ (FICNs) എണ്ണം 2024-25 ൽ 2.17 ലക്ഷമാണ്. ഇത് 2023-24-ലെ 2.22 ലക്ഷത്തെ അപേക്ഷിച്ച് നേരിയ കുറവാണ്. അതേസമയം, 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യവും എണ്ണവും യഥാക്രമം 6 ശതമാനവും 5.6 ശതമാനവും വർധിച്ചിട്ടുണ്ട്. പ്രചാരത്തിലുള്ള നോട്ടുകളുടെ മൊത്തം മൂല്യത്തിൽ 500 രൂപ നോട്ടിൻ്റെ പങ്ക് 86% ആണെങ്കിലും, അതിൽ നേരിയ കുറവ് രേഖപ്പെടുത്തി. എണ്ണത്തിൻ്റെ കാര്യത്തിൽ, 40.9% വുമായി 500 രൂപ നോട്ടുകളാണ് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്. 16.4% വുമായി 10 രൂപ നോട്ടുകൾ തൊട്ടുപിന്നിലുണ്ട്. 10, 20, 50 രൂപ നോട്ടുകൾ ഒരുമിച്ച് ആകെ നോട്ടുകളുടെ 31.7% വരും.
കള്ളനോട്ടുകളുടെ വർദ്ധനവ് പൊതുജനങ്ങളിൽ ആശങ്കയുയർത്തുന്നതിനാൽ, നോട്ടുകളുടെ സുരക്ഷാ സവിശേഷതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.