Viral Video: ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് റീൽസ് ചിത്രീകരണം; വിവാദമായതിനു പിന്നാലെ തമാശയ്ക്ക് ചെയ്തതെന്ന് മറുപടി, ഒടുവിൽ മാപ്പു പറഞ്ഞ് യുവതി
Shakeela Banu Viral Video: വീഡിയോ ചിത്രീകരിച്ചത് തമാശയ്ക്ക് ആണെന്നും തെറ്റാണെന്ന് അറിഞ്ഞിരുന്നില്ലന്നും വിവാദമായതിനു പിന്നാലെ യുവതി പറഞ്ഞു. ആരും വീഡിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും ഷക്കീല ബാനു കൂട്ടിച്ചേർത്തു.

ചെന്നൈ: ഓടുന്ന ട്രെയിനിൽ നിന്ന് അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിച്ചത് വിവാദമായതിനു പിന്നാലെ സംഭവത്തിൽ മാപ്പ് ചോദിച്ച് യുവതി. നാഗര്‍കോവിൽ സ്വദേശി ഷക്കീല ബാനു ആണ് മാപ്പ് ചോദിച്ച് രംഗത്ത് എത്തിയത്.ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് നൃത്തം ചെയ്യുന്നതിന്റെ റീൽസ് ആണ് വിവാദമായത്.
നിമിഷ നേരങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ റീൽസ് വൈറലായി. വീഡിയോ കേരളത്തിലടക്കം വലിയ ചർച്ചയായിരുന്നു. നിരവധി പേർ യുവതിയെ വിമർശിച്ച് രംഗത്ത് എത്തി. ഇതോടെയാണ് വിശദീകരണവുമായി ഷക്കീല ബാനു തന്നെ എത്തിയത്.
വീഡിയോ ചിത്രീകരിച്ചത് തമാശയ്ക്ക് ആണെന്നും തെറ്റാണെന്ന് അറിഞ്ഞിരുന്നില്ലന്നും വിവാദമായതിനു പിന്നാലെ യുവതി പറഞ്ഞു. ആരും വീഡിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും ഷക്കീല ബാനു കൂട്ടിച്ചേർത്തു.
ഡോറിലേക്ക് ചാരി നിന്നുകൊണ്ട് രണ്ടു കൈകളും വിട്ടുകൊണ്ട് നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. വളരെ വേഗത്തിൽ പോകുന്ന ട്രെയിനിൽ വെച്ചാണ് സംഭവം. ഇന്‍സ്റ്റഗ്രാം, ഫേയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവയിൽ വീഡിയോ വൈറലായിരുന്നു. അതേസമയം സംഭവത്തെ തുടർന്ന് നടപടിയെടുക്കുന്നതിന്‍റെ ഭാഗമായി റെയിൽവേ പോലീസ് യുവതിയുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും യുവതി വീട്ടിൽ ഉണ്ടായിരുന്നില്ല. നാമക്കൽ – നാഗർകോവിൽ ട്രെയിനിൽ നിന്നാണ് ഷക്കീല ബാനു നൃത്തം ചെയ്തത്.