AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Covid-19 In India: കോവിഡ് നിരക്കിൽ നേരിയ വർധന; ഏറ്റവും കൂടുതൽ കേരളത്തിൽ, മുംബൈയിൽ രണ്ട് മരണം

Covid-19 New Cases In India: കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് രോ​ഗബാധിതരിൽ അധിക​വും. മേയ് 19 വരെയുള്ള കണക്കുകളാണ് നിലവിൽ ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. മെയ് 12 ന് ശേഷം ഏറ്റവും കൂടുതൽ പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.

Covid-19 In India: കോവിഡ് നിരക്കിൽ നേരിയ വർധന; ഏറ്റവും കൂടുതൽ കേരളത്തിൽ, മുംബൈയിൽ രണ്ട് മരണം
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 20 May 2025 16:09 PM

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധനയെന്ന് റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിലവിൽ 257 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയിൽ കോവിഡ് ബാധിച്ച് രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിങ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരിച്ചത്. പതിന്നാലും അമ്പത്തിനാലും വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്.

എന്നാൽ ഇരുവർക്കും മറ്റ് രോ​ഗങ്ങളും സ്ഥിരീകരിച്ചിരുന്നു. അതിനാൽ ​കോവിഡ് വൈറസ് മാത്രമാണ് മരണകാരണമെന്ന് പറയാനാകില്ലെന്നും കെഇഎം ആശുപത്രി അധികൃതർ വ്യക്തമാക്കി. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് രോ​ഗബാധിതരിൽ അധിക​വും. മേയ് 19 വരെയുള്ള കണക്കുകളാണ് നിലവിൽ ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

മെയ് 12 ന് ശേഷം ഏറ്റവും കൂടുതൽ പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. മെയ് 12 ന് ശേഷം 69 പുതിയ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര (44), തമിഴ്‌നാട് (34), കർണാടക (8), ഗുജറാത്ത് (6), ഡൽഹി (3), ഹരിയാന, രാജസ്ഥാൻ, സിക്കിം എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ ജനസംഖ്യ കണക്കാക്കിയാൽ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കണക്ക് വളരെ കുറവാണെന്നും അധികൃതർ അറിയിച്ചു. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളായ സിം​ഗപ്പൂരിലും ഹോങ്കോങ്ങിലും രോ​ഗികളുടെ നിരക്ക് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആരോ​ഗ്യവകുപ്പ് തിങ്കളാഴ്ച അവലോകനയോ​ഗം നടത്തിയിരുന്നു. നിലവിൽ രാജ്യത്തെ കോവിഡ് നിരക്കുകൾ നിയന്ത്രണ വിധേയമാണെന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

ആഗോളതലത്തിൽ സ്ഥിതി ആശങ്കാജനകമോ?

സിംഗപ്പൂരിൽ, ഏപ്രിൽ അവസാനത്തിൽ 11,100 ആയിരുന്ന പ്രതിവാര അണുബാധകൾ മെയ് ആദ്യ വാരത്തിൽ 14,200 ആയി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, ഹോങ്കോങ്ങിൽ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് മരണ നിരക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് ആദ്യ വാരത്തിൽ 31 മരണങ്ങൾ. മാർച്ച് തുടക്കത്തിൽ വെറും 33 പ്രതിവാര കേസുകളിൽ നിന്ന് 1,042 ആയി പുതിയ അണുബാധകൾ ഉയർന്നു.