Covid Surge in Tamil Nadu: കോവിഡ് വ്യാപനം: പൊതുവിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിര്‍ദേശവുമായി തമിഴ്നാട് സര്‍ക്കാർ
Covid Surge in Tamil Nadu: ശാരീരിക അകലം പാലിക്കണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ഹെൽത്ത് ഓഫിസർമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്.

ചെന്നൈ: രാജ്യത്തുടനീളം കോവിഡ്-19 കേസുകളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ പൊതുവിടങ്ങളിൽ മാസ്ക് ഉപയോഗിക്കാൻ നിർദ്ദേശം നൽകി തമിഴ്നാട് സർക്കാർ. ശാരീരിക അകലം പാലിക്കണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ഹെൽത്ത് ഓഫിസർമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്.
പകർച്ചവ്യാധികൾ, അണുബാധകൾ എന്നിവ നേരത്തെ കണ്ടെത്തി റിപ്പോർട്ട് ചെയ്യാനും രോഗ നിരീക്ഷണം ശക്തമാക്കാനും മുൻകരുതൽ നടപടികൾ നടപ്പിലാക്കാനും ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. മാസ്കുകളുടെ ഉപയോഗം, ശാരീരിക അകലം പാലിക്കൽ, ചുമയ്ക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ, മുഖത്ത് തൊടുന്നത് ഒഴിവാക്കുക, കൈകളുടെ ശുചിത്വം, സമയബന്ധിതമായ വൈദ്യസഹായം, ജലാംശം, വിശ്രമം, വാക്സിനേഷനും അവബോധവും, സുഖമില്ലാത്തപ്പോൾ വീട്ടിൽ തന്നെ തുടരുക, പരിസ്ഥിതി ശുചിത്വം തുടങ്ങിയ പൊതുജനാരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് ഫീൽഡ് സ്റ്റാഫുകൾ സജീവമായി പ്രവർത്തിക്കണമെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Also Read:‘ബ്രഹ്മോസ് മിസൈൽ പാകിസ്താന് നൽകിയത് ഉറക്കമില്ലാത്ത രാത്രികൾ’; പ്രധാനമന്ത്രി നരേന്ദ്ര മോദി
അതേസമയം കേരളത്തിലും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്. ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഈ വകഭേദത്തിന് തീവ്രത കുറവാണെന്നും എന്നാൽ വ്യാപന ശേഷി കൂടുതലാണെന്നും അതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു.
ഏഷ്യയിൽ കൊവിഡ്-19 കേസുകളുടെ വർദ്ധനവിന് പ്രാഥമികമായി കാരണം ജെഎൻ. 1 വേരിയന്റും പ്രത്യേകിച്ച് ഒമൈക്രോൺ പരമ്പരയുടെ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8 ഉം ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതില്‍ എല്‍എഫ് 7 ആണ് കേരളത്തിലുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍. ഈ വകഭേദം ഉള്ളവരിൽ ലക്ഷണങ്ങൾ വളരെ കുറവാണ്. ചെറിയ പനിയോ ജലദോഷമോ പോലുള്ള ലക്ഷണങ്ങളാണ് ഇവ കാണിക്കുന്നത്.