CRPF: വിഡിയോ കോളിലൂടെ പാകിസ്താനി യുവതിയെ വിവാഹം കഴിച്ച് സംരക്ഷിച്ചു; സൈനികനെ പിരിച്ചുവിട്ട് സിആർപിഎഫ്
CRPF Suspended Soldier Married Pakistani Woman: പാകിസ്താനി യുവതിയെ വിവാഹം കഴിച്ച സിആർപിഎഫ് സൈനികനെ ജോലിയിൽ നിന്ന് സസ്പൻഡ് ചെയ്തു. വീസ കാലാവധി കഴിഞ്ഞിട്ടും ഇയാൾ യുവതിയ്ക്ക് സംരക്ഷണം നൽകിയെന്ന് സിആർപിഎഫ് പറഞ്ഞു.
വിഡിയോ കോളിലൂടെ പാകിസ്താനി യുവതിയെ വിവാഹം കഴിച്ച സൈനികനെ പിരിച്ചുവിട്ട് സിആർപിഎഫ്. മുനീർ അഹ്മദ് എന്ന സൈനികനെയാണ് സിആർപിഎഫ് പിരിച്ചുവിട്ടത്. പാകിസ്താനി യുവതിയായ മേനൽ ഖാനെ വിവാഹം കഴിച്ച മുനീർ അഹ്മദ് വീസ കാലാവധി കഴിഞ്ഞ ശേഷവും ഭാര്യയെ സംരക്ഷിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
മുനീർ അഹ്മദിൻ്റെ പ്രവൃത്തികൾ ദേശസുരക്ഷയെയും സൈനികപ്രവർത്തനങ്ങളുടെ നിബന്ധനകളെയും ലംഘിക്കുന്നതാണെന്ന് സിആർപിഎഫ് വക്താവ് പറഞ്ഞു. നേരത്തെ, മേനലിനെ രാജ്യത്തുനിന്ന് പുറത്താക്കുന്ന നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
രാജ്യത്തുള്ള പാകിസ്താൻ പൗരന്മാർ രാജ്യം വിടണമെന്ന് കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെയാണ് മേനൽ ഖാനുമായുള്ള മുനീർ അഹ്മദിൻ്റെ വിവാഹം പുറത്തായത്. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തിൻ്റെ നിർദ്ദേശം. നിർദ്ദേശത്തെ തുടർന്ന് രാജ്യത്തുനിന്ന് പുറത്താക്കാനായി മേനലിനെ അട്ടാരി – വാഗ അതിർത്തിയിലേക്കയച്ചു. എന്നാൽ, ഏപ്രിൽ 29ന് ഹൈക്കോടതി വിധി വന്നു. 10 ദിവസം കൂടി രാജ്യത്ത് തുടരാൻ മേനലിന് ഹൈക്കോടതി അനുവാദം നൽകുകയായിരുന്നു.




2024 മെയ് 24നാണ് മേനലും മുനീറും തമ്മിൽ വിവാഹിതരായത്. വിഡിയോ കോളിലൂടെയായിരുന്നു വിവാഹം. പാകിസ്താനി പൗരയുമായുള്ള തൻ്റെ വിവാഹത്തെപ്പറ്റി മുതിർന്ന ഉദ്യോഗസ്ഥരെ മുനീർ അറിയിച്ചില്ലെന്ന് സിആർപിഎഫ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത് സർവീസ് ചട്ടങ്ങൾക്കെതിരാണ്. ഒപ്പം വീസ കാലാവധി കഴിഞ്ഞിട്ടും മേനലിനെ രാജ്യത്ത് സംരക്ഷിച്ചുനിർത്തിയെന്നും സിആർപിഎഫ് കണ്ടെത്തി.
ഇന്ത്യൻ പൗരനെ വിവാഹം കഴിച്ച് രാജ്യത്ത് താമസിക്കുന്ന പാകിസ്താനി വനിത സീമ ഹൈദറിനും മടങ്ങിപ്പോകാൻ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ, താൻ സനാതന ധർമ്മം സ്വീകരിച്ചു എന്നായിരുന്നു സീമയുടെ മറുപടി. വിവാഹിതയായി ഗ്രേറ്റർ നോയിഡയിലാണ് താമസമെന്നും സീമ കോടതിയെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സീമ ഹൈദറിനെതിരെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് താൻ ഹിന്ദുമതം സ്വീകരിച്ചെന്നും ഭീകരാക്രമണവുമായി ബന്ധമില്ലെന്നും അഭിഭാഷകനായ എപി സിംഗ് വഴി സീമ അറിയിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. രാജ്യത്തുള്ള പാക് സ്വദേശികളൊക്കെ തിരികെ പോകണമെന്നായിരുന്നു കേന്ദ്രത്തിൻ്റെ നിർദ്ദേശം. ഇതോടെ പലരും തിരികെ മടങ്ങി. എന്നാൽ, അട്ടാരി – വാഗ അതിർത്തിയിൽ പൗരന്മാരെ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകള്‍ പാകിസ്താൻ അടച്ചുപൂട്ടിയെന്ന് റിപ്പോർട്ടുകളുണ്ട്. ഇതോടെ പലരും അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്.