AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pahalgam Attack: പഹൽഗാം ഭീകരാക്രമണം: പങ്കുള്ള പ്രദേശവാസികളെ കണ്ടെത്താൻ എൻഐഎ, 14ാം ദിവസവും ഭീകരർക്കായി തിരച്ചിൽ

Pahalgam Attack NIA Investigation: പഹൽഗാമിൽ ഭീകരർ ആക്രമണം നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വ്യാപാരസ്ഥാപനങ്ങൾ തുറന്നവരും ആക്രമണത്തിന്റെ അന്ന് കട തുറക്കാതിരുന്നവർക്കെതിരെയും എൻഐഎ അന്വേഷണം നടത്തുന്നുണ്ട്. ഇതിൽ ചിലരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടുണ്ട്.

Pahalgam Attack: പഹൽഗാം ഭീകരാക്രമണം: പങ്കുള്ള പ്രദേശവാസികളെ കണ്ടെത്താൻ എൻഐഎ, 14ാം ദിവസവും ഭീകരർക്കായി തിരച്ചിൽ
പരിശോധന നടത്തുന്ന സുരക്ഷാ ഉദ്യോ​ഗസ്ഥർImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 05 May 2025 06:53 AM

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ പ്രദേശവാസികളുടെ പങ്ക് കണ്ടെത്താനൊരുങ്ങി എൻഐഎ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോ​ഗമിക്കുകയാണ്. ഭീകരർക്ക് പ്രാദേശികരുടെ സഹായം ലഭിച്ചുവെന്ന സംശയത്തിലാണ് അന്വേഷണം നീങ്ങുന്നത്. പ്രദേശത്തെ വ്യാപാരികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പഹൽഗാമിൽ ഭീകരർ ആക്രമണം നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വ്യാപാരസ്ഥാപനങ്ങൾ തുറന്നവരും ആക്രമണത്തിന്റെ അന്ന് കട തുറക്കാതിരുന്നവർക്കെതിരെയും എൻഐഎ അന്വേഷണം നടത്തുന്നുണ്ട്. ഇതിൽ ചിലരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടുണ്ട്. പഹൽഗാമിൽ ആക്രമണം നടക്കുന്നതിന് 15 ദിവസം മുമ്പ് മാത്രം കച്ചവടം തുടങ്ങിയവരെയും ആക്രമണ ദിവസം വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടവരെയും എൻഐഎ ചോദ്യം ചെയ്ത് വരികയാണ്.

26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 100 പേരെയെങ്കിലും എൻഐഎ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നടന്ന ദിവസം കട തുറക്കാതിരുന്നു ഒരാളെ ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളുടെ ഐപി അഡ്രസ് വിവരങ്ങളും ഒപ്പം തന്നെ ഇന്റർനെറ്റിൽ എന്തൊക്കെയാണ് തിരഞ്ഞതെന്നുൾപ്പെടെ അന്വേഷിക്കുന്നുണ്ട്.

ഇതിനൊപ്പം സംഭവം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന പ്രദേശവാസികളെയും വ്യാപാരികളെയും എൻഐഎ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. അതേസമയം പഹൽ​ഗാമിലെ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ തുടരുകയാണ്. നിലവിൽ അനന്ത്നാഗ് മേഖലയിൽ ആണ് സുരക്ഷാ സേന തെരച്ചിൽ നടത്തുന്നത്.

പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാൽ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ ഇന്ത്യൻ കരസേന, അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തിയിരുന്നു. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകൾ അണച്ച് കരസേന ബ്ലാക്ക് ഔട്ട് ഡ്രിൽ സംഘടിപ്പിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരണമെന്നാണ് പാക്കിസ്ഥാൻ്റെ ഭാ​ഗത്തുനിന്നുള്ള ആവശ്യം. മറ്റ് കാര്യങ്ങൾ ഐക്യരാഷ്ട്ര രക്ഷാസമിതിയെ ബോധ്യപ്പെടുത്തുമെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇഷാക്ദർ വ്യക്തമാക്കി. പാകിസ്ഥാനെതിരെയുള്ള നടപടികൾ ശക്തമായി തുടരുകയാണ്.

ഇന്ത്യൻ ചാനൽ ചർച്ചകളിൽ നിന്നും പാകിസ്താൻ പാനലിസ്റ്റുകളെ എൻബിഡിഎ വിലക്കിയിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ വർഗീയത വിതയ്ക്കുന്ന പാനലിസ്റ്റുകളെ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്നാണ് ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.

രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയെ ദുർബലപ്പെടുത്തുകയും രാജ്യത്തിനെതിരെ സംസാരിക്കുകയും ചെയ്യുന്ന പാകിസ്താനി പാനലിസ്റ്റുകളെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ നിന്നും ചാനലുകളുടെ എഡിറ്റർമാർ വിട്ടുനിൽക്കണമെന്നാണ് എൻബിഡിഎയുടെ നിർദ്ദേശത്തിൽ പറയുന്നത്.