Rajnath Singh: ‘മോദിയുടെ നേതൃത്വത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് സംഭവിക്കും’; തിരിച്ചടിക്കൽ തന്റെ ഉത്തരവാദിത്വമെന്ന് രാജ്‌നാഥ് സിംഗ്
Rajnath Singh Response to Attack on India: ഇന്ത്യയെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവർക്ക് ഉചിതമായ മറുപടി നൽകേണ്ടത് പ്രതിരോധ മന്ത്രിയെന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വം ആണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണ്ണ പിന്തുണയെന്നും മന്ത്രി പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവർക്ക് ഉചിതമായ മറുപടി നൽകേണ്ടത് പ്രതിരോധ മന്ത്രിയെന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വം ആണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സംസതി ജാഗരൺ മഹോത്സവത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ മന്ത്രി എന്ന നിലയിൽ, സൈനികർക്കൊപ്പം രാജ്യത്തിന്റെ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ കൂടി ഉത്തരവാദിത്വം ആണ്. നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവർക്ക് തക്കതായ മറുപടി നൽകേണ്ടതും തന്റെ ഉത്തരവാദിത്വം ആണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ ശക്തി അതിൻ്റെ സായുധ സേനയിൽ മാത്രം കേന്ദ്രീകരിച്ചുള്ളതല്ലെന്നും, സംസ്കാരത്തിലും ആത്മീയതയിലും കൂടിയാണെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം, പഹൽഗാം ആക്രമണത്തിൽ എൻഐഎ ദൃക്സാക്ഷികളുടെ മൊഴിയെടുത്തു. രണ്ട് ഭീകരർ വിനോദസഞ്ചാരികളെ ഒരുമിച്ചു കൂട്ടി നിരത്തി നിർത്തിയിരുന്നുവെന്നും ആദ്യ വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചു കൂട്ടിയാണ് പിന്നീട് വെടിവെച്ചതെന്നും ദൃക്‌സാക്ഷികൾ മൊഴി നൽകി. സംഭവ സ്ഥലത്ത് നിന്ന് 40 വെടിയുണ്ടകളാണ് എൻഐഎ അന്വഷണത്തിൽ കണ്ടെത്തിയത്. നിലവിൽ ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ശേഖരിക്കുകയാണ്. ആക്രമണത്തിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്ക് തെളിയിക്കുന്ന തെളിവുകൾ എൻഐഎ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.
ALSO READ: ഇന്ത്യൻ ചാനൽ ചർച്ചകളിൽ നിന്നും പാകിസ്താൻ പാനലിസ്റ്റുകളെ വിലക്കി എൻബിഡിഎ
മുതിർന്ന ഐഎസ്ഐ ഉദ്യോഗസ്ഥരാണ് ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു ജയിലിൽ ഉള്ള രണ്ട് ഭീകരരെ കഴിഞ്ഞ ദിവസം എൻഐഎ ചോദ്യം ചെയ്തിരുന്നു. നിസാർ അഹമ്മദ്, മുസ്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. 2023ലെ രജൗരി, പുഞ്ച് ആക്രമണങ്ങളുമായി ബന്ധപെട്ട കേസിൽ ഇരുവരും ജയിലിലാണ്.