Delhi 9-year-old girl murder: ഡൽഹിയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ഒളിപ്പിച്ച കേസ്; പ്രതി പിടിയിൽ
Delhi 9-year-old girl murder case: പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. സംഭവത്തിൽ ദയാൽപുരിൽ വലിയ പ്രതിഷേധമാണ് നടന്നത്. പ്രതിയെ കണ്ടെത്താൻ പൊലീസ് ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിരുന്നു.

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പ്രതി നൗഷാദിനെ ഡൽഹി സ്‌പെഷ്യൽ സ്റ്റാഫ് സംഘം പിടികൂടിയത്. ഏറ്റുമുട്ടലിലൂടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയുടെ കാലിന് വെടിയേറ്റു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡൽഹി ദയാൽപുരിൽ ഒമ്പത് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. ബന്ധുവിനെ കാണാനാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഏകദേശം 200 മീറ്റര്‍ അകലെയാണ് ബന്ധുവിന്റെ വീട്. എന്നാൽ കുട്ടി അവരുടെ വീട്ടിലെത്തിയില്ല എന്ന് ബന്ധുക്കളെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു.
പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങിയിരുന്നു. തൊട്ടടുത അപ്പാർട്ട്മെന്റിലെ ഒരു മുറിയിലേക്ക് കുട്ടി കയറിപ്പോകുന്നത് കണ്ടതായി ഒരു അയൽവാസി പറഞ്ഞറിഞ്ഞ് ബന്ധുക്കൾ ഇവിടെയെത്തി.എന്നാല്‍ ഫ്‌ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. താക്കോല്‍ സഹോദരന്റെ കൈവശമാണെന്നാണ് ഉടമ പറഞ്ഞത്. മുറി ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് സ്യൂട്ട് കേസിൽ കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മുഖത്തടക്കം പരിക്കുണ്ടായിരുന്നു. സംഭവത്തിൽ ദയാൽപുരിൽ വലിയ പ്രതിഷേധമാണ് നടന്നത്. പ്രതിയെ കണ്ടെത്താൻ പൊലീസ് ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിരുന്നു.