Delhi Election Result 2025: മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ ആരാണ് മുന്നിൽ? അടിപതറിയത് ആർക്ക്?
Delhi Assembly Election Result 2025: ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നാണ് ബിജെപിയുടെ തിളക്കമാർന്ന വിജയം. എഎപിയാണ് തൊട്ടുപിന്നിലുള്ളത്. കോൺഗ്രസിന് നിലവിൽ എവിടെയും ലീഡ് ഇല്ല.

ന്യൂഡൽഹി: 2025-ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിൽ. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നാണ് ബിജെപിയുടെ തിളക്കമാർന്ന വിജയം. എഎപിയാണ് തൊട്ടുപിന്നിലുള്ളത്. കോൺഗ്രസിന് നിലവിൽ എവിടെയും ലീഡ് ഇല്ല. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പരാജയപ്പെട്ടു. ജംഗ്‌പുരയിൽ മനീഷ് സിസോദിയ പരാജയപ്പെട്ടു. ഇതിനു പുറമെ മുഖ്യമന്ത്രി അതിഷിയും പിന്നിലാണ്.
രാജ്യ തലസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരമാണ് ഉണ്ടായത്. തുടർച്ചയായ എഎപി അധികാരമാണ് ബിജെപി ഈ തിരഞ്ഞെടുപ്പിലൂടെ സ്വന്താക്കിയത്. ഇതോടെ 25 വർഷത്തിന് ശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുന്നത്. അതേസമയം വോട്ടെണ്ണൽ ആരംഭിച്ച് നാല് മണിക്കൂർ പിന്നീടുമ്പോൾ ബിജെപി 47 ശതമാനവും എഎപി 43 ശതമാനവും വോട്ട് നേടിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പറയുന്നു.
അതേസമയം പതിനൊന്ന് നിയമസഭ സീറ്റുകളിൽ മുസ്ലീം വോട്ടർമാർ ഏറെ നിർണായകമാണ്. ഈ മണ്ഡലങ്ങളിലെല്ലാം പോളിംഗ് 55 ശതമാനം കവിഞ്ഞു, മിക്ക സീറ്റുകളിലും 60 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ഈ പ്രധാന മണ്ഡലങ്ങളിൽ ആരാണ് മുന്നിൽ എന്ന് നോക്കാം. ചാന്ദ്‌നി ചൗക്കി മണ്ഡലത്തിൽ എഎപിയാണ് ലീഡ് ചെയ്യുന്നത്. മാതിയ മഹൽ സീറ്റിലും എഎപി ലീഡ് ചെയ്യുന്നു. മുസ്ലീം വോട്ടുകളുള്ള ബല്ലിമാരൻ മണ്ഡലത്തിലും എഎപി ലീഡ് ചെയ്യുന്നു. ഇമ്രാൻ ഹുസൈനാണ് 55897 വോട്ടുകൾക്ക് ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. ബിജെപി സ്ഥാനാർത്ഥി കമൽ ബാഗ്രി 29887 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പിന്നിലാണ്.
ഓഖ്‌ല മണ്ഡലത്തിൽ ആം ആദ്മി നേതാവ് അമാനത്തുള്ള ഖാൻ 15,000-ത്തിലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. സീലംപൂര്‍, ബാബര്‍പൂര്‍, സദർ ബസാർ മണ്ഡലങ്ങളിൽ എഎപി തന്നെയാണ് മുന്നിലുള്ളത്. അതേസമയം സീമാപുരി, കരവാൽ നഗർ, ജങ്പുര, മുസ്തഫാബാദ് തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപിയാണ് മുന്നിൽ.