5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Delhi Election Result 2025 : ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് ഡല്‍ഹി ജനത; ഇന്ദ്രപ്രസ്ഥത്തില്‍ താമരക്കാലം; ബിജെപി സർക്കാർ രൂപീകരണ ചർച്ചയിലേക്ക്

Delhi Assembly Election Result 2025 Follow up : ദക്ഷിണ ഡല്‍ഹിയിലെ എഎപി കോട്ടകളടക്കം ബിജെപി പൊളിച്ചു. ദക്ഷിണ ഡല്‍ഹിയിലെ 15 സീറ്റുകളില്‍ പതിനൊന്നിലും ബിജെപി ലീഡ് ചെയ്യുന്നു. നാല് സീറ്റുകളില്‍ മാത്രമാണ് എഎപിയുടെ ആധിപത്യം. 2020ല്‍ 14 സീറ്റിലും എഎപി വിജയിച്ചിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ പതനം എഎപിയുടെ അടിവേരിളക്കി

Delhi Election Result 2025 : ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് ഡല്‍ഹി ജനത; ഇന്ദ്രപ്രസ്ഥത്തില്‍ താമരക്കാലം; ബിജെപി സർക്കാർ രൂപീകരണ ചർച്ചയിലേക്ക്
ബിജെപി പ്രവര്‍ത്തകരുടെ ആഘോഷം Image Credit source: PTI
jayadevan-am
Jayadevan AM | Published: 08 Feb 2025 12:54 PM

ന്യൂഡല്‍ഹി: കേവല ഭൂരിപക്ഷവും പിന്നിട്ട് ബിജെപി കുതിപ്പ് തുടര്‍ന്നതോടെ പ്രവര്‍ത്തകര്‍ ആഘോഷത്തിമിര്‍പ്പില്‍. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവച്ച് ബിജെപി സമഗ്രാധിപത്യം പുലര്‍ത്തുന്നതാണ് വോട്ടെടുപ്പിന്റെ തുടക്കം മുതല്‍ കാണാനാകുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടില്ലെങ്കിലും 40ല്‍ അധികം സീറ്റുകളില്‍ ബിജെപി മുന്നിലാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമുള്ള 36 സീറ്റുകള്‍ മാത്രം. തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയെ ആം ആദ്മി പാര്‍ട്ടി അതിജീവിച്ചെങ്കിലും ബിജെപിയുടെ തേരോട്ടത്തിന് മുന്നില്‍ അരവിന്ദ് കെജ്‌രിവാളും സംഘവും പകച്ചു. കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല. ദക്ഷിണ ഡല്‍ഹിയിലെ എഎപി കോട്ടകളടക്കം ബിജെപി പൊളിച്ചു. ദക്ഷിണ ഡല്‍ഹിയിലെ 15 സീറ്റുകളില്‍ പതിനൊന്നിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. വെറും നാല് സീറ്റുകളില്‍ മാത്രമാണ് എഎപിയുടെ ആധിപത്യം. 2020ല്‍ 14 സീറ്റിലും എഎപി വിജയിച്ചിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ ഈ പതനം എഎപിയുടെ അടിവേരിളക്കി.

എഎപിക്ക് പിഴച്ചത് എവിടെ?

വമ്പന്‍മാര്‍ക്ക് അടക്കം കാലിടറിയത് എഎപിയെ ഞെട്ടിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായിരുന്നില്ലെങ്കിലും ക്ഷേമപദ്ധതികളിലൂടെ വിജയം സുനിശ്ചിതമാണെന്നായിരുന്നു എഎപിയുടെയും കോണ്‍ഗ്രസിന്റെയും വിലയിരുത്തല്‍.

എന്നാല്‍ മദ്യനയ അഴിമതിയടക്കം എഎപിക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വന്ന യമുനാ നദി വിവാദവും പ്രതിസന്ധിയായി. എന്നാല്‍ വിവാദങ്ങള്‍ കൃത്യമായി ബിജെപി വിനിയോഗിച്ചു. ഒപ്പം ബജറ്റിലെ മധ്യവര്‍ഗത്തിന് വേണ്ടി നടത്തിയ പ്രഖ്യാപനങ്ങളും പാര്‍ട്ടിക്ക് പ്രയോജനപ്പെട്ടു. തുടക്കത്തില്‍ പിന്നിലായിരുന്ന കെജ്‌രിവാള്‍ ലീഡ് തിരികെ പിടിച്ചു. എന്നാല്‍ ഒടുവില്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടു. പര്‍വേഷ് സാഹിബ് സിംഗ് വര്‍മയാണ് കെജ്‌രിവാളിനെ തറപറ്റിച്ചത്. മനീഷ് സിസോദിയയും തോറ്റു. മുഖ്യമന്ത്രി അതിഷിയും പിന്നിലാണ്.

Read More: മദ്യത്തിലും പണത്തിലും കെജ്രിവാൾ മുങ്ങിപോയി, തൻ്റെ വാക്കുകൾ കേട്ടില്ല; രൂക്ഷ വിമർശനവുമായി അണ്ണാ ഹസാരെ

പ്രതാപം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്‌

പ്രതാപകാലത്തിന്റെ ഏഴയലത്ത് പോലും കോണ്‍ഗ്രസിനെ കാണാനില്ല. വോട്ടെടുപ്പിന്റെ ഒരു ഘട്ടത്തില്‍ ഒന്നോ രണ്ടോ സീറ്റില്‍ ലീഡ് ചെയ്തതാണ് ആകെ നേട്ടം. എന്നാല്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ലീഡ് ചെയ്ത സീറ്റുകളിലും കോണ്‍ഗ്രസ് പിന്നാക്കം പോവുകയാണ്. ഇന്ത്യാ മുന്നണിയെ മറന്ന് എഎപിയും കോണ്‍ഗ്രസും പരസ്പരം പോരടിച്ചതും തിരിച്ചടിയായെന്ന് വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലേക്ക്‌

വിജയം സുനിശ്ചിതമായതോടെ ബിജെപി സര്‍ക്കാര്‍ രൂപീകരണചര്‍ച്ചയിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം വ്യക്തമാക്കി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ആസ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.