Delhi Blast: 19 കോടിയുടെ ചെക്ക്, വ്യാജ ആധാർ കാർഡ്; ഡൽഹി സ്ഫോടനത്തിൽ ‘ഐഎഎസ് ഓഫീസർ’ അറസ്റ്റിൽ
Fake IAS Officer Kalpana Arrested on Delhi Blast: യുവതിക്ക് പാകിസ്ഥാൻ സൈന്യവുമായും അഫ്ഗാനിസ്ഥാനിലെ ചില വ്യക്തികളുമായും ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സ്ഫോടനം നടന്ന നവംബർ 10-ന് കല്പന ഡൽഹിയിൽ ഉണ്ടായിരുന്നു.
ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനക്കേസിൽ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ നിന്നുള്ള കൽപ്പന ഭഗവത് എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിൽ ഇവർക്കുള്ള പങ്ക് പോലീസ് അന്വേഷിച്ചുവരികയാണ്. യുവതി ഒരു ആഡംബര ഹോട്ടലിൽ വ്യാജ ഐഡന്റിറ്റിയിൽ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥയായി താമസിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
യുവതിക്ക് പാകിസ്ഥാൻ സൈന്യവുമായും അഫ്ഗാനിസ്ഥാനിലെ ചില വ്യക്തികളുമായും ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സ്ഫോടനം നടന്ന നവംബർ 10-ന് കല്പന ഡൽഹിയിൽ ഉണ്ടായിരുന്നു എന്ന കണ്ടെത്തലാണ് ഇവരെ പ്രധാന പ്രതികളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത്.
അതേസമയം, യുവതി താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 19 കോടി രൂപയുടെ ചെക്കും 6 ലക്ഷം രൂപയുടെ മറ്റൊരു ചെക്കും കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും പെഷവാറിലുമുള്ള ചില സ്ഥലങ്ങളുടേത് ഉൾപ്പെടെ 10 അന്താരാഷ്ട്ര ഫോൺ നമ്പറുകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നു.
പാകിസ്ഥാൻ ആർമി ഓഫീസർമാരുടേയും പെഷവാർ ആർമി കാന്റൺമെന്റ് ബോർഡിന്റേയും അഫ്ഗാൻ എംബസിയുടേയും ഫോൺ നമ്പറുകളും യുവതിയുടെ കൈവശമുണ്ടായിരുന്നതായാണ് വിവരം. കൂടാതെ, വ്യാജ ഐ.എ.എസ്. നിയമന കത്തും ആധാർ കാർഡും യുവതിയുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, ഡല്‍ഹി സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി ഡോ ഉമര്‍ ഉന്‍ നബിക്ക് സഹായം ചെയ്ത ഫരീദാബാദ് സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി ഹരിയാനയിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫരീദാബാദിലെ ദോജ് നിവാസി സോയബിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡല്‍ഹി ഭീകര ബോംബ് സ്‌ഫോടനത്തിന് മുമ്പ് എല്ലാത്തരം സഹായവും ഉമറിന് ചെയ്ത് നല്‍കിയത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്.