Delhi Election Result 2025: കോൺഗ്രസ് പരാന്നഭോജി, സഖ്യകക്ഷികളെ ഓരോന്നായി തീർക്കുന്നു: വിമർശിച്ച് പ്രധാനമന്ത്രി
Delhi Election Result 2025 Narendra Modi: ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് പരാന്നഭോജിയായ ഒരു പാർട്ടിയാണെന്നും കൈകൊടുത്താൽ അന്ത്യം ഉറപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിനും ആം ആദ്മി പാർട്ടിയ്ക്കുമെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് പരാന്നഭോജിയാണെന്നും തങ്ങളുടെ സഖ്യകക്ഷികളെ ഓരോന്നിനെയായി അവർ അവസാനിപ്പിക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപി ഡൽഹി ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം.
“ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്, കോൺഗ്രസ് പരാന്നഭോജിയായ ഒരു പാർട്ടിയാണ്. സ്വയം മുങ്ങുമ്പോഴൊക്കെ അവർ മറ്റ് പാർട്ടിക്കാരെ കയറിപ്പിടിയ്ക്കും. അവരുടെ തന്ത്രം വളരെ സവിശേഷകരമാണ്. മറ്റ് പാർട്ടികളുടെ ലക്ഷ്യം കോൺഗ്രസ് അടിച്ചെടുക്കും. എന്നിട്ട് അവരുടെ വോട്ടുകൾ ലക്ഷ്യം വെക്കും. ഉത്തർ പ്രദേശിൽ കോൺഗ്രസിൻ്റെ ലക്ഷ്യം സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയുമാണ്. തമിഴ്നാട്ടിലും ഇവർ ഇത് തന്നെയാണ് ചെയ്യുന്നത്. ബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ തന്ത്രവും ഇത് തന്നെ. ആര് കോൺഗ്രസിൻ്റെ കൈപിടിച്ചാലും അവരുടെ അന്ത്യം സുനിശ്ചിതമാണ്.”- പ്രധാനമന്ത്രി പറഞ്ഞു.
“കോൺഗ്രസിൻ്റെ കയ്യിൽ ആര് പിടിയ്ക്കുന്നോ അവർ തകർക്കപ്പെടുകയാണ്. കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളിൽ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാർട്ടി ഡൽഹിയിൽ ഒരു സീറ്റ് പോലും ജയിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് മുൻപുണ്ടായിരുന്ന കോൺഗ്രസ് പാർട്ടിയല്ല ഇപ്പോൾ. ഇപ്പോൾ അവർ ചെയ്യുന്നത് അർബൻ നക്സൽ രാഷ്ട്രീയമാണ്. അവർ അരാജകത്വം കൊണ്ടുവരാൻ ശ്രമിക്കുന്നു. ആപ് ദയും അത് ചെയ്യാനാണ് ശ്രമിച്ചത്.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.




Also Read: Parvesh Sahib Singh Verma: അരവിന്ദ് കേജ്‌രിവാളിനെ വീഴ്ത്തിയ ചാണക്യൻ; ആരാണ് പർവേശ് സാഹിബ് സിംഗ് വർമ?
ഡൽഹി തിരഞ്ഞെടുപ്പിലെ വിജയം വികസനത്തിൻ്റെയും വിശ്വാസത്തിൻ്റെയും വീക്ഷണത്തിൻ്റെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾ അഴിമതിയും നുണകളും വച്ചുപൊറുപ്പിക്കില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ആം ആദ്മി പാർട്ടിയ്ക്ക് വേണ്ടിയിരുന്നത് ഭരണമായിരുന്നില്ല, നാടകമായിരുന്നു. അഴിമതിയ്ക്കെതിരായ മുന്നേറ്റത്തിലാണ് ആം ആദ്മി പാർട്ടി ജനിച്ചത്. എന്നാൽ, അതേപാർട്ടി ഇപ്പോൾ അഴിമതിയിൽ മുങ്ങിയിരിക്കുന്നു. അവരുടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ ജയിലിൽ അടയ്ക്കപ്പെട്ടു. മദ്യ കുംഭകോണം, സ്കൂൾ കുംഭകോണം എന്നിങ്ങനെ ഡൽഹിയുടെ പ്രതിഛായ തകർക്കുന്ന പലതുമുണ്ടായി. ഡൽഹി കൊവിഡിൽ ബുദ്ധിമുട്ടുമ്പോൾ അവർ ശീഷ് മഹൽ നിർമിക്കുകയായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
27 വർഷങ്ങൾക്ക് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരം തിരിച്ചുപിടിക്കുന്നത്. 47 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലേറിയത്. കഴിഞ്ഞ വർഷം 62 സീറ്റുകൾ നേടിയ ആം ആദ്മി പാർട്ടിയ്ക്ക് ഇത്തവണ ലഭിച്ചത് കേവലം 23 സീറ്റുകൾ മാത്രമാണ്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ പരാജയപ്പെട്ടിരുന്നു.