Delhi Mother-Wife Death: ജന്മദിനത്തിൽ നൽകിയ സമ്മാനത്തെചൊല്ലി തർക്കം; ഭാര്യയെയും അമ്മയെയും യുവാവ് കുത്തിക്കൊന്നു
Delhi Mother-Daughter Death Case: യോഗേഷിനൊപ്പമുണ്ടായിരുന്ന മക്കളെ പോലീസ് ഷെൽട്ടർ ഹോമിലേക്കു മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച കത്രിക ഫ്ലാറ്റിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം യോഗേഷ് മക്കളുമായി കടക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മകന്റെ ജന്മദിനത്തിൽ നൽകിയ സമ്മാനത്തെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസിൽ യോഗേഷ് സേഗൽ (36) എന്ന യുവാവ് അറസ്റ്റിൽ. ശനിയാഴ്ചയാണ് ഡൽഹിയിലെ രോഹിണിയിൽ ദാരുണമായ സംഭവം നടന്നത്. കുസും സിൻഹ (63), മകൾ പ്രിയ സേഗൽ (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കത്രിയ കൊണ്ടാണ് യോഗേഷ് കുത്തിക്കൊലപ്പെടുത്തിയത്.
ഈ മാസം 28ന് യോഗേഷിന്റെയും പ്രിയയുടെയും മകന്റെ പിറന്നാളായിരുന്നു. ഇതിന്റെ ആഘോഷവുമായി ബന്ധപ്പെട്ടാണ് കുസും ഇവരുടെ ഫ്ലാറ്റിലെത്തിയത്. ചടങ്ങിനിടെ മകന് നൽകിയ സമ്മാനത്തെച്ചൊല്ലി യോഗേഷും പ്രിയയും തമ്മിൽ തർക്കമുണ്ടായി. ഇതു പരിഹരിക്കുന്നതിന് വേണ്ടി കുസും, ഇരുവരുടെയും കൂടെ ഫ്ലാറ്റിൽ തന്നെ തങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ കുസുമിനെയും പ്രിയയെയും ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതെ വന്നതോടെ കുസുമിന്റെ മകൻ ഫ്ലാറ്റിലെത്തി.
ഫ്ലാറ്റ് പുറത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. എന്നാൽ വാതിലിന് സമീപം രക്തക്കറ കണ്ടതോടെ ഇയാൾ പോലീസിൽ വിവരമറിയിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെയും സഹോദരിയെയും ഫ്ലാറ്റിനുള്ളിൽ കണ്ടെത്തിയത്. യോഗേഷിനെയും രണ്ടു മക്കളും ഈ സമയം ഫ്ലാറ്റിലുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ തിരച്ചിലിൽ യോഗേഷിനെ പിടികൂടുകയായിരുന്നു. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം യോഗേഷ് മക്കളുമായി കടക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
യോഗേഷിനൊപ്പമുണ്ടായിരുന്ന മക്കളെ പോലീസ് ഷെൽട്ടർ ഹോമിലേക്കു മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച കത്രിക ഫ്ലാറ്റിൽ നിന്ന് പോലീസ് കണ്ടെടുത്തു. കുറച്ച് നാളുകളായി യോഗേഷ് ജോലിക്ക് പോയിരുന്നില്ലെന്നാണ് വിവരം. മുമ്പ് ഇയാൾ ഒരു ജ്വലറിയിലാണ് ജോലി ചെയ്തിരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.