Delhi Metro: കാത്തിരിപ്പ് ഡിസംബര്‍ വരെ മാത്രം! ഡൽഹി മെട്രോ ഗോൾഡൻ ലൈൻ ആദ്യഘട്ടം തുറക്കാൻ ഒരുങ്ങുന്നു
Delhi Metro Golden Line Update : ഡൽഹി മെട്രോയുടെ ഗോൾഡൻ ലൈനിലെ തുഗ്ലക്കാബാദ്-സംഗം വിഹാർ ഭാഗത്തിന്റെ നിർമ്മാണം ഡിസംബറോടെ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, ഈ കോറിഡോറിൽ പ്രവർത്തനക്ഷമമാകുന്ന ആദ്യ പാതയായി ഇത് മാറും. നാല് സ്റ്റേഷനുകള്‍ ഈ പാതയിലുണ്ടാകും.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹി മെട്രോയുടെ ഗോൾഡൻ ലൈനിലെ തുഗ്ലക്കാബാദ്-സംഗം വിഹാർ ഭാഗത്തിന്റെ നിർമ്മാണം നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയായേക്കും. 8.4 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഭാഗത്തിന്റെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, ഈ കോറിഡോറിൽ പ്രവർത്തനക്ഷമമാകുന്ന ആദ്യ പാതയായി ഇത് മാറും. തുഗ്ലക്കാബാദ്, തുഗ്ലക്കാബാദ് റെയിൽവേ കോളനി, ആനന്ദ്മയീ മാർഗ് ജംഗ്ഷൻ, സംഗം വിഹാർ എന്നിങ്ങനെ നാല് സ്റ്റേഷനുകള്‍ ഈ പാതയിലുണ്ടാകും. തുഗ്ലക്കാബാദ് സ്റ്റേഷൻ വയലറ്റ് ലൈനുമായി ബന്ധിപ്പിക്കുന്ന ഒരു ഇന്റർചേഞ്ച് സ്റ്റേഷനായി പ്രവർത്തിക്കും.
എയ്റോസിറ്റിയെയും തുഗ്ലക്കാബാദിനെയും 15 സ്റ്റേഷനുകളിലൂടെ ബന്ധിപ്പിക്കുന്ന 23.6 കിലോമീറ്റർ ദൈർഘ്യമുള്ള ഗോൾഡൻ ലൈൻ ഘട്ടങ്ങളായാണ് പ്രവർത്തനസജ്ജമാക്കും. സംഗം വിഹാറിനും അംബേദ്കർ നഗറിനും ഇടയിലുള്ള 2.4 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ഡെക്കർ നിർമ്മിതിയും ഈ കോറിഡോറിന്റെ ഭാഗമാണ്. ഇതിൽ മുകളിലത്തെ തട്ടിലൂടെ മെട്രോയും താഴത്തെ തട്ടിലൂടെ മറ്റ് വാഹനങ്ങളും സഞ്ചരിക്കും.
എയ്റോസിറ്റി-തുഗ്ലക്കാബാദ് കോറിഡോറിന്റെ 83 ശതമാനത്തിലധികം സിവിൽ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആര്‍സി) കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ അനുജ് ദയാൽ പറഞ്ഞു. ഈ കോറിഡോറിന്റെ തുഗ്ലക്കാബാദ്-സംഗം വിഹാർ ഭാഗം ഈ വർഷം ഡിസംബറോടെ തുറക്കുമെന്നും, ബാക്കി ഭാഗങ്ങൾ തുടർന്ന് ഘട്ടംഘട്ടമായി പ്രവർത്തനസജ്ജമാകുമെന്നും അനുജ് ദയാൽ കൂട്ടിച്ചേര്‍ത്തു.
ആദ്യ ഘട്ടത്തിലെ സ്റ്റേഷനുകള്‍
ആദ്യ ഘട്ടത്തിലെ നാല് സ്റ്റേഷനുകളിൽ തുഗ്ലക്കാബാദ്, തുഗ്ലക്കാബാദ് റെയിൽവേ കോളനി, ആനന്ദ്മയീ മാർഗ് ജംഗ്ഷൻ എന്നിവ ഭൂഗർഭ സ്റ്റേഷനുകളും, സംഗം വിഹാർ എലിവേറ്റഡ് സ്റ്റേഷനുമായിരിക്കും. ഇതിനുപുറമെ, ഗോൾഡൻ ലൈനിന്റെ മൂന്ന് വിപുലീകരണ പാതകളും ഡിഎംആര്‍സി നിർമ്മിക്കുന്നുണ്ട്.
Also Read: Delhi Metro: യാത്രക്കാർക്ക് വൻ ആശ്വാസം; 3 കോച്ച് ട്രെയിനുകളും പുതിയ റൂട്ടുകളുമായി ഡൽഹി മെട്രോ
നാലാം ഘട്ടത്തിന്റെ ഭാഗമായി ലജ്പത് നഗറിനും സാകേത് ജി ബ്ലോക്കിനും ഇടയിൽ 8.3 കിലോമീറ്റർ നീളമുള്ള പാത നിർമ്മിച്ചു വരുന്നു. അഞ്ചാം ഘട്ടത്തിൽ (Phase V-A) 2.2 കിലോമീറ്റർ എയ്റോസിറ്റി-ഐ.ജി.ഐ ടെർമിനൽ 1 പാതയും, 3.9 കിലോമീറ്റർ കാളിന്ദി കുഞ്ച്-തുഗ്ലക്കാബാദ് പാതയും നിര്‍മ്മിക്കും. ഇവയെല്ലാം പൂര്‍ത്തിയാകുന്നതോടെ ഗോൾഡൻ ലൈനിന്റെ ആകെ ദൈർഘ്യം 38.2 കിലോമീറ്ററാകും.
വിമാനത്താവള യാത്ര എളുപ്പം
ഗോൾഡൻ ലൈൻ പൂർണ്ണമായി പ്രവർത്തനസജ്ജമാകുന്നതോടെ തെക്കൻ ഡൽഹിയിലുടനീളമുള്ള ഗതാഗത സൗകര്യം മെച്ചപ്പെടും. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാവുകയും ചെയ്യും. മൂന്ന് കോച്ചുകളുള്ള ട്രെയിൻ കോറിഡോർ ലജ്പത് നഗർ-സാകേത് ജി ബ്ലോക്ക് റൂട്ടിൽ സർവീസ് നടത്താനും ഡൽഹി മെട്രോ പദ്ധതിയിടുന്നു.
English Summary
Delhi Metro’s 8.4-km Tughlaqabad-Sangam Vihar stretch is expected to open by December. This section will mark the operational debut of the 23.6-km Golden Line corridor. Overall, more than 83% of civil work on the Aerocity-Tughlaqabad line is finished. The fully operational corridor will significantly improve connectivity to South Delhi and IGI Airport.