Delhi Earthquake : ഭൂചലനത്തില്‍ വിറച്ച് രാജ്യതലസ്ഥാനം തീവ്രത 4.4, ആളുകള്‍ ഇറങ്ങിയോടി
Delhi NCR Earthquake Update: ഫാനുകളും മറ്റ് വീട്ടുപകരണങ്ങളും ആടിയുലഞ്ഞതിനെത്തുടർന്ന് ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. നോയിഡ, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനമുണ്ടായി. ഓഫീസുകളില്‍ നിന്നടക്കം ജീവനക്കാര്‍ പുറത്തേക്ക് ഇറങ്ങിപ്പോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഹരിയാനയിലെ ജജ്ജാറാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 9.04-ഓടെയാണ് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടത്. ഫാനുകളും മറ്റ് വീട്ടുപകരണങ്ങളും ആടിയുലഞ്ഞതിനെത്തുടർന്ന് ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. നോയിഡ, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനമുണ്ടായി. ഓഫീസുകളില്‍ നിന്നടക്കം ജീവനക്കാര്‍ പുറത്തേക്ക് ഇറങ്ങിപ്പോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റ്, ഷാംലി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
പരിഭ്രാന്തരാകരുതെന്നും പുറത്തേക്ക് ഓടരുതെന്നും ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) മുന്നറിയിപ്പ് നൽകി. ഭൂകമ്പങ്ങള്‍ ഡല്‍ഹിയില്‍ അസാധാരണമല്ലെങ്കിലും അടുത്ത കാലത്തുണ്ടായതില്‍ ഏറ്റവും ശക്തിയേറിയതായിരുന്നു ഇത്. ഭൂകമ്പ സാധ്യത കൂടുതലുള്ള ഭൂകമ്പ മേഖല 4 ലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്.




ജജ്ജാറിൽ നിന്ന് 3 കിലോമീറ്റർ വടക്കുകിഴക്കായും ഡൽഹിയിൽ നിന്ന് ഏകദേശം 51 കിലോമീറ്റർ പടിഞ്ഞാറായുമാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഭൂകമ്പം കാരണം നഗരത്തിലുടനീളം നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൽഹി പൊലീസ് എക്‌സിൽ അറിയിച്ചു.