Delhi Blast: ഡല്‍ഹി സ്‌ഫോടനം, ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരണസംഖ്യ 15
Red Fort blast toll climbs: ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി തിങ്കളാഴ്ച മരിച്ചു
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി തിങ്കളാഴ്ച മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ലുക്മാൻ (50), വിനയ് പഥക് (50) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ബിലാല്‍ എന്നൊരാള്‍ ചികിത്സയ്ക്കിടെ മരിച്ചിരുന്നു. നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. പുതിയ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായും പോസ്റ്റ്‌മോർട്ടം പരിശോധനകൾ ഉടൻ നടത്തുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.
അതേസമയം, ഡൽഹി സ്ഫോടനത്തിലെ കുറ്റവാളികളെ പാതാളത്തിന്റെ ആഴങ്ങളിൽ നിന്നുപോലും പിടികൂടുമെന്നും അവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരതയുടെ വേരുകള്‍ പിഴുതെറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌ഫോടനുവമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കശ്മീര്‍ സ്വദേശിയായ ജാസിർ ബിലാൽ വാനി (ഡാനിഷ്) ആണ് പിടിയിലായത്. അതിനിടെ, ഫരീദാബാദ് പൊലീസ് നിരവധി കശ്മീരി വിദ്യാർത്ഥികളെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഫരീദാബാദ് ഭീകരസംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
നഗരത്തിൽ താമസിക്കുന്ന കുറഞ്ഞത് 2,000 വാടകക്കാരെയും വിദ്യാർത്ഥികളെയും ഇതുവരെ ചോദ്യം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും. ഫരീദാബാദിൽ വാടകയ്ക്ക് താമസിക്കുന്ന കശ്മീരി വിദ്യാർത്ഥികളെയും വാടകക്കാരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ നിന്നാണ് ‘ഭീകരവാദ മൊഡ്യൂളുമായി’ ബന്ധപ്പെട്ട ആദ്യ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, അമോണിയം നൈട്രേറ്റ് എന്നിവയുൾപ്പെടെ കണ്ടെത്തിയിരുന്നു. ഡൽഹി, ഫരീദാബാദ് (ഹരിയാന), ജമ്മു കശ്മീർ എന്നിവിടങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.