Delhi: റണ്‍വേ തെറ്റിച്ച് പറന്നിറങ്ങി അഫ്ഗാന്‍ വിമാനം, ഡല്‍ഹിയില്‍ ഒഴിവായത് വന്‍ ദുരന്തം
Delhi Airport incident: ഡല്‍ഹി വിമാനത്താവളത്തില്‍ അഫ്ഗാന്‍ വിമാനം റണ്‍വേ തെറ്റിച്ച് ലാന്‍ഡ് ചെയ്തു. അഫ്ഗാനിസ്ഥാൻ അരിയാന വിമാനം ടേക്ക് ഓഫിന് മാത്രമായുള്ള റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു

Image for representation purpose only
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ അഫ്ഗാന്‍ വിമാനം റണ്‍വേ തെറ്റിച്ച് ലാന്‍ഡ് ചെയ്തു. വന്‍ ദുരന്തമാണ് ഒഴിവായത്. കാബൂളിൽ നിന്നുള്ള അഫ്ഗാനിസ്ഥാൻ അരിയാന വിമാനം ടേക്ക് ഓഫിന് മാത്രമായുള്ള റണ്‍വേയില്‍ അബദ്ധത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഈ സമയം റണ്‍വേയില്‍ മറ്റ് വിമാനങ്ങളുണ്ടായിരുന്നില്ല. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ILS) ഗൈഡൻസിന്റെ പോരായ്മയും, കാഴ്ചക്കുറവുമാണ് റണ്‍വേ തെറ്റിച്ച് വിമാനം പറന്നിറങ്ങാന്‍ കാരണമായതെന്നാണ് സൂചന.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ വ്യോമയാന അധികൃതർക്ക് ഇതുസംബന്ധിച്ച് കത്തെഴുതുമെന്നാണ് റിപ്പോര്‍ട്ട്. അരിയാന അഫ്ഗാൻ വിമാനത്തിന് ഇടതുവശത്തെ റണ്‍വേ 29ലാണ് ഇറങ്ങാന്‍ അനുമതി ലഭിച്ചിരുന്നത്. എന്നാല്‍ വലതുവശത്തുള്ള റണ്‍വേ 29ലാണ് വിമാനം ഇറങ്ങിയത്. എന്നാല്‍ ഈ റണ്‍വേ ടേക്ക് ഓഫിന് മാത്രമുള്ളതാണ്. നവംബര്‍ 23ന് ഉച്ചയ്ക്ക് 12.06നായിരുന്നു സംഭവം.
അത്ഭുതകരമായാണ് അപകടം ഒഴിവായതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. രണ്ട് ഐഎല്‍എസ് സംവിധാനങ്ങളും തകരാറിലായിരുന്നുവെന്ന് പൈലറ്റ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എയർ ട്രാഫിക് കൺട്രോളർമാർ ലാന്‍ഡിങിലെ പിഴവ് അറിയിച്ചില്ലെന്നും പൈലറ്റ് ആരോപിച്ചു. ഈ ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.