Diwali Fireworks: ദീപാവലി പൊടിപൊടിക്കാം; ഡൽഹിയിൽ പടക്ക നിരോധനത്തിൽ ഇളവ് വരുത്തി സുപ്രീം കോടതി
Diwali Fireworks In Delhi: ഹരിത പടക്കങ്ങൾ സാധാരണ പടക്കങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ദേശീയ പാരിസ്ഥിതിക എൻജിനീയറിങ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഈ പടക്കങ്ങൾ പരിസ്ഥിതി സൗഹൃദമാണെന്നാണ് കണ്ടെത്തൽ. ഇവ വായു മലിനീകരണവും, ശബ്ദ മലിനീകരണവും ഗണ്യമായി കുറയ്ക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്.
ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ ഇളവുകളോടെ പടക്കം ഉപയോഗിക്കാൻ (firecrackers in Delhi-NCR) അനുമതി നൽകി സുപ്രീം കോടതി. അഞ്ച് ദിവസത്തേക്കാണ് പടക്കം പൊട്ടിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഡൽഹി-എൻസിആറിൽ പടക്കങ്ങൾക്കുള്ള സമ്പൂർണ നിരോധനത്തിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നു കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ദീപാവലി സമയത്ത് ഇളവ് വരുത്തണമെന്ന് കോടതിയോട് അഭ്യർത്ഥിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ആഘോഷത്തിൽ കുട്ടികളെ രണ്ട് മണിക്കൂർ മാത്രമായി പരിമിതപ്പെടുത്തരുതെന്നും വാദിച്ചു. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരവും മലിനീകരണ തോതും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.
Also Read: ദീപാവലിയ്ക്ക് പടക്കം മസ്റ്റാണോ? എങ്കിൽ ഇക്കാര്യം ശ്രദ്ധിയ്ക്കണം, അപകടം വരുന്നതിനു മുമ്പും ശേഷവും
പടക്കം വിൽക്കാനുള്ള നിർദ്ദേശങ്ങൾ
ലൈസൻസുള്ള വ്യാപാരികൾക്ക് മാത്രമായി വിൽപ്പന പരിമിതപ്പെടുത്തും
ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വില്പന വിലക്കിയിരിക്കുന്നു
നിർമ്മാതാക്കൾ ഉൽപാദനത്തിൻ്റെയും, വിൽപനയുടെയും രേഖകൾ സമർപ്പിക്കേണ്ടതുണ്ട്
ഓരോ ഉൽപ്പന്നത്തിനും ഒരു സവിശേഷ ക്യുആർ കോഡ് ഉണ്ടായിരിക്കണം
പടക്ക നിർമ്മാണ യൂണിറ്റുകളിലും വിൽപ്പന കേന്ദ്രങ്ങളിലും പതിവായി പരിശോധനകൾ നടത്താൻ അധികാരികൾ വേണ്ടപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തവണത്തെ ദീപാവലിക്ക് പരമ്പരാഗത പടക്കങ്ങൾക്ക് പകരം ‘ഹരിത പടക്ക’ങ്ങൾ പൊട്ടിക്കാനുള്ള അനുമതി തേടി നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ എത്തിച്ചേർന്നത്.
ഹരിത പടക്കങ്ങൾ സാധാരണ പടക്കങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ദേശീയ പാരിസ്ഥിതിക എൻജിനീയറിങ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഈ പടക്കങ്ങൾ പരിസ്ഥിതി സൗഹൃദമാണെന്നാണ് കണ്ടെത്തൽ. ഇവ വായു മലിനീകരണവും, ശബ്ദ മലിനീകരണവും ഗണ്യമായി കുറയ്ക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഇതെല്ലാം കൂടാതെ പടക്കം പൊട്ടുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങളെ കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്.