Dubai Airshow Thejas Crash: ‘നമാംശ് സ്യാലിനെ ഓർത്ത് അഭിമാനം’: തേജസ് യുദ്ധവിമാനാപകടത്തിൽ വീരമൃത്യു വരിച്ച വ്യോമസേന വിങ് കമാന്‍ഡറിന്റെ ഓർമ്മയിൽ നാട്
Dubai Airshow Tejas Crash Naman Syal's Death: അദ്ദേഹത്തിന്റെ വിയോഗം നാടിനാകെ വേദനയായി മാറുമ്പോഴും നമാംശിനെ ഓർത്ത് അഭിമാനിക്കുകയാണ് അവർ. അവസാന നിമിഷവും തന്റെ കർത്തവ്യങ്ങൾ ഏറ്റവും ഉത്തരവാദിത്തത്തോടെ നിറവേറ്റിയെന്നാണ് നമാംശിന്റെ പ്രിയപ്പെട്ടവർ പറയുന്നത്.
ന്യൂഡൽഹി: ഇന്ത്യൻ യുദ്ധവിമാനമായ തേജസ് തകർന്നുവീണ് വീരമൃത്യൂ വരിച്ച വ്യോമസേന വിങ് കമാൻഡർ നമാംശ് സ്യാലിന്റെ ഓർമ്മയിൽ ജന്മനാട്. ഹിമാചൽപ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് സ്വദേശിയാണ് നമൻഷ്. അദ്ദേഹത്തിന്റെ വിയോഗം നാടിനാകെ വേദനയായി മാറുമ്പോഴും നമാംശിനെ ഓർത്ത് അഭിമാനിക്കുകയാണ് അവർ. അവസാന നിമിഷവും തന്റെ കർത്തവ്യങ്ങൾ ഏറ്റവും ഉത്തരവാദിത്തത്തോടെ നിറവേറ്റിയെന്നാണ് നമാംശിന്റെ പ്രിയപ്പെട്ടവർ പറയുന്നത്. അച്ചടക്കത്തിന്റെയും മികച്ച സേവനത്തിന്റെയും പര്യായമായിരുന്ന നമാംശ് സ്യാൽ എന്നു ഇവർ ഓർത്തെടുക്കുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. ധീരനായ പൈലറ്റിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പറഞ്ഞു.ഹൈദരാബാദ് വ്യോമതാവളത്തിലായിരുന്നു നമാംശിന് നിയനം. ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥയാണ് ഭാര്യ അഫ്സാന്. ഭാര്യയും അഞ്ച് വയസ്സുള്ള മകൾക്കുമൊപ്പം ഹൈദരാബാദിലാണ് നമാംശ് താമസിച്ചിരുന്നത്. പിതാവ് ജഗൻ നാഥ് റിട്ട. ആർമി ഓഫിസറും ഹിമാചൽ പ്രദേശിലെ വിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പലുമായിരുന്നു. മാതാവ് ബിനാ ദേവി.
Also Read:ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണു; പൈലറ്റിന് വീര്യമൃത്യു
കഴിഞ്ഞ ദിവസമായിരുന്നു ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണ് വിങ് കമാൻഡർ നമാംശ് സ്യാൽ വീരമൃത്യു വരിച്ചത്. എയർ ഷോയുടെ ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. താഴേക്കു പതിച്ച് ഉഗ്രശബ്ദത്തോടെ തേജസ് പൊട്ടിത്തെറിക്കുകയായിരുന്നു. മലയാളികളടക്കം ആയിരക്കണക്കിനു പേർ ഷോ കാണാനെത്തിയിരുന്നു.
അതേസമയം നമൻഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് രാജ്യതലസ്ഥാനത്ത് എത്തിക്കും. തേജസ് വിമാനം തകർന്നുവീണതിൽ അന്വേഷണം തുടങ്ങി വ്യോമസേന. അപകടത്തിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്നതിൽ പരിശോധന തുടരുന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.