Election Commission: രാഹുലിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയെന്ത്? തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക വാര്‍ത്താ സമ്മേളനം ഉടന്‍
Election Commission press conference: രാഹുല്‍ വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ ആരംഭിച്ച ദിവസം തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നാണ് ശ്രദ്ധേയം. 16 ദിവസം നീണ്ടുനിക്കുന്നതാണ് വോട്ടര്‍ അധികാര്‍ യാത്ര. സെപ്റ്റംബർ 1 ന് പട്‌നയിൽ ഒരു മെഗാ റാലിയോടെ സമാപിക്കും
ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും. രാഹുല്‍ ഗാന്ധി ഉന്നയിച്ചുള്ള ‘വോട്ട് മോഷണ’ത്തെക്കുറിച്ച് കമ്മീഷന്‍ എന്ത് മറുടി നല്‍കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനാണ് കമ്മീഷന്‍ സാധാരണ വാര്‍ത്താ സമ്മേളനം നടത്താറുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് നടക്കുന്ന വാര്‍ത്താ സമ്മേളനം അസാധാരണമാണ്.
വാര്‍ത്താ സമ്മേളനം നടത്തുന്നത് എന്തിനാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനാണെന്നാണ് സൂചന. മഹാരാഷ്ട്ര, കർണാടക, ഹരിയാന എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നതായി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
വോട്ടർ പട്ടികയിൽ നിന്ന് തെറ്റായി ചേർത്തതായോ നീക്കം ചെയ്തതായോ അവകാശപ്പെടുന്നവരുടെ പേരുകൾ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ രാഹുല്‍ പരാതി നല്‍കിയിട്ടില്ലെന്നും, രേഖാമൂലം പരാതി നല്‍കിയില്ലെങ്കില്‍ രാഹുല്‍ മാപ്പ് പറയണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും കമ്മീഷന്‍ മറുപടി നല്‍കിയേക്കും.
രാഹുല്‍ ഗാന്ധി ‘വോട്ടര്‍ അധികാര്‍ യാത്ര’ ബിഹാറില്‍ ആരംഭിച്ച ദിവസം തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നാണ് ശ്രദ്ധേയം. 16 ദിവസം നീണ്ടുനിക്കുന്നതാണ് വോട്ടര്‍ അധികാര്‍ യാത്ര. സെപ്റ്റംബർ 1 ന് പട്‌നയിൽ ഒരു മെഗാ റാലിയോടെ സമാപിക്കും