Property Dispute: സ്വത്തിന് വേണ്ടി മക്കളുടെ തർക്കം, നാല് കോടി രൂപയുടെ സ്വത്ത് രേഖകൾ ക്ഷേത്രത്തിൽ ഉപേക്ഷിച്ച് മുൻ സൈനികൻ
Property Dispute: തിരുവണ്ണാമല ജില്ലയിലെ അരണി പട്ടണത്തിനടുത്തുള്ള പടവേട് ഗ്രാമത്തിലെ എച്ച്ആർ & സിഇ വകുപ്പ് പരിപാലിക്കുന്ന അരുൾമിഗു രേണുഗാംബാൽ അമ്മൻ ക്ഷേത്രത്തിലാണ് ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന സ്വത്ത് രേഖകൾ കണ്ടെത്തിയത്.

പെൺമക്കളുമായുള്ള തർക്കത്തിന് പിന്നാലെ സ്വത്ത് രേഖകൾ ക്ഷേത്രത്തിൽ ഉപേക്ഷിച്ച് മുൻ സൈനികൻ. തിരുവണ്ണാമല ജില്ലയിലെ അരണി പട്ടണത്തിനടുത്തുള്ള പടവേട് ഗ്രാമത്തിലെ എച്ച്ആർ & സിഇ വകുപ്പ് പരിപാലിക്കുന്ന അരുൾമിഗു രേണുഗാംബാൽ അമ്മൻ ക്ഷേത്രത്തിലാണ് ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന സ്വത്ത് രേഖകൾ കണ്ടെത്തിയത്.
ക്ഷേത്രത്തിൽ, രണ്ട് മാസത്തിലൊരിക്കൽ ഭക്തർ കാണിക്കയായി നൽകുന്ന പണം എണ്ണിത്തിട്ടപ്പെടുത്താറുണ്ടെന്ന് എച്ച്ആർ & സിഇ ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്ര പരിസരത്ത് ആകെ 11 കാണിക്ക വഞ്ചികളുണ്ട്. പതിവ് പോലെ, ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിൽ വച്ചിരിക്കുന്നകാണിക്ക വഞ്ചി തുറന്നപ്പോൾ നാണയങ്ങൾ, കറൻസി നോട്ടുകൾ തുടങ്ങിയ മറ്റ് വഴിപാടുകൾക്കൊപ്പം സ്വത്ത് രേഖകളും കണ്ടെത്തുകയായിരുന്നു.
സ്വമേധയാ സംഭാവന ചെയ്തതാണെന്ന് കാണിക്കുന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമായാണെന്ന് ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ (ഇഒ) എം. സിലംബരശൻ പറഞ്ഞു. ആരാണി പട്ടണത്തിനടുത്തുള്ള കേശവപുരം ഗ്രാമത്തിൽ നിന്നുള്ള വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ എസ്. വിജയൻ ആണ് ഇത്തരത്തിൽ സ്വത്ത് ക്ഷേത്രത്തിന് നൽകിയത്. കുട്ടിക്കാലം മുതൽ രേണുഗാംബാൽ അമ്മന്റെ കടുത്ത ഭക്തനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് രണ്ട് പെൺമക്കളുണ്ട്. വിവാഹിതരായ അവർ ചെന്നൈയിലും വെല്ലൂരിലുമാണ് താമസിക്കുന്നത്.
ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന്, കുടുംബത്തിൽ നിന്ന് മാറി മറ്റൊരു വീട്ടിലാണ് വിജയൻ വർഷങ്ങളായി താമസിക്കുന്നതെന്ന് ക്ഷേത്ര ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ മാസങ്ങളിൽ വിജയന്റെ പെൺമക്കൾ സ്വത്തുക്കൾ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയതായും കണ്ടെത്തി. ക്ഷേത്രത്തിനടുത്തുള്ള 10 സെന്റ് ഭൂമിയുടെയും ഒരു നില വീടിന്റെയും രണ്ട് വസ്തു രേഖകളാണ് കാണിക്ക വഞ്ചിയിൽ ഉപേക്ഷിച്ചത്.