Himachal Flash Flood: ഹിമാചല്‍ മേഘവിസ്‌ഫോടനം; രണ്ട് മരണം, 20 പേര്‍ ഒഴുകിപോയതായി സംശയം
Himachal Flash Flood Updates: സംസ്ഥാന ദുരന്ത നിവാരണ സേന, റവന്യു വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. 20 ഓളം തൊഴിലാളികള്‍ ഒഴുക്കില്‍പ്പെട്ടതായി ധര്‍മശാല എംഎല്‍എ സുധീര്‍ ശര്‍മ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തു.
ഷിംല: ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് മരണം. ഇരുപതോളം ആളുകള്‍ ഒഴുകിപോയതായി വിവരം. കാംഗ്ര ജില്ലയിലെ മനുനി ഖാഡില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഖനിയാര മനുനി ഖാഡില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ദിര പ്രിയദര്‍ശിനി ജലവൈദ്യുതി പദ്ധതിയുടെ തൊഴിലാളികള്‍ ഒഴുക്കില്‍പ്പെട്ടാതായാണ് വിവരം. തൊഴിലിടത്തിന് തൊട്ടടുത്തുള്ള താത്കാലിക ഷെല്‍ട്ടറില്‍ വിശ്രമിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്.
സംസ്ഥാന ദുരന്ത നിവാരണ സേന, റവന്യു വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. 20 ഓളം തൊഴിലാളികള്‍ ഒഴുക്കില്‍പ്പെട്ടതായി ധര്‍മശാല എംഎല്‍എ സുധീര്‍ ശര്‍മ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തു.




കാലാവസ്ഥ മോശമായതിനാല്‍ തന്നെ കാണാതായവരെ കണ്ടെത്തുന്നത് അത്ര എളുപ്പമല്ലെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. നിരവധി വീടുകള്‍, സ്‌കൂളുകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയെല്ലാം തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
കുളു ജില്ലയിലെ ഗഡ്‌സ മേഖലയിലെ സൈഞ്ചില്‍, ശിലാഗറിലെ ജീവ നല്ല, റെഹ്ല ബിബാല്‍ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേതുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനായി എത്തിയ മൂന്നുപേരെ കാണാതായി.
മണാലി, ബഞ്ചാര്‍, എന്നിവിടങ്ങളിലും മിന്നല്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബിയാസ് നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മണാലി-ചണ്ഡീഗഡ് ദേശീയപാത ഭാഗികമായി തകര്‍ന്നു. ഹോര്‍ണഗഡ് മേഖലയിലെ പാലം ഒലിച്ചുപോയി.