Faridabad Witch: ജിന്നാണെന്ന് ദുർമന്ത്രവാദിനി; പിന്നാലെ രണ്ടുവയസുകാരനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു, സംഭവം ഫരീദാബാദിൽ
Faridabad Witch Murder Case: വീടിനു സമീപമുള്ള ആഗ്ര കനാലിലേക്കാണ് ഇവർ കുട്ടിയെ എറിഞ്ഞത്. സംഭവം പ്രദേശ വാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ പിന്നീട് മുങ്ങൽ വിദഗ്ധർ എത്തിയാണ് കുട്ടിയുടെ മൃതദേഹം കരയിലെത്തിച്ചത്.
ഫരീദാബാദ്: ദുർമന്ത്രവാദിനിയുടെ വാക്കുകൾ വിശ്വസിച്ച് രണ്ട് വയസുകാരനായ മകനെ യുവതി കനാലിൽ എറിഞ്ഞു കൊന്നു. കുട്ടിയുടെ മേൽ ജിന്ന് കൂടിയെന്നും അത് കുടുംബത്തിന് മുഴുവൻ ദോഷകരമാവുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഈ ക്രൂരകൃത്യം നടത്തിയത്. വീടിനു സമീപമുള്ള ആഗ്ര കനാലിലേക്കാണ് ഇവർ കുട്ടിയെ എറിഞ്ഞത്. സംഭവം പ്രദേശ വാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ പിന്നീട് മുങ്ങൽ വിദഗ്ധർ എത്തിയാണ് കുട്ടിയുടെ മൃതദേഹം കരയിലെത്തിച്ചത്.
ഭർത്താവ് കപിൽ ലുക്‌റ നൽകിയ പരാതിയെ തുടർന്നാണ് 32 കാരിയായ മേഘ ലുക്‌റ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പ്രേരിപ്പിച്ച ബംഗാൾ സ്വദേശിയായ ദുർമന്ത്രവാദിനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 വർഷം മുമ്പാണ് കപിൽ ലുക്‌റയും മേഘയും വിവാഹിതരാകുന്നത്. ഇരുവരുടെയും മൂത്ത കുട്ടിക്ക് 14 വയസുണ്ട്. തന്റെ ഭാര്യയ്ക്ക് ദുർമന്ത്രവാദിനിയായ മിത ഭാട്ടിയയുമായി വർഷങ്ങളുടെ അടപ്പമുണ്ടെന്നും കപിൽ തൻ്റെ പരാതിയിൽ പറയുന്നു.
മകൻ ജനിച്ചതോടെയാണ് ഇവരുടെ ബന്ധം കൂടുതൽ അടുത്തതെന്നും, മകൻ ‘വെള്ളക്കാരൻ ജിന്നി’ന്റെ പിടിയിലാണെന്നും കുട്ടി കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുമെന്നും ഇവർ മേഘയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെ മകനുമായി പുറത്തിറങ്ങിയ മേഘ കനാലിന് സമീപം എത്തിയപ്പോൾ കുട്ടിയെ വെള്ളത്തിലേക്ക് എടുത്ത് എറിയുകയായിരുന്നു.
ഞായറാഴ്ച രാത്രി വൈകിയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. പാലത്തിലൂടെ നടന്നുപോയ യാത്രക്കാരാണ് ഒരു സ്ത്രീ കുട്ടിയെ കനാലിലേക്ക് എറിയുന്നത് കണ്ട് പോലീസിൽ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി സ്ത്രീയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബിപിടിപി പോലീസ് ഭാരതീയ ന്യായ സംഹിതയിലെ 103(1) (കൊലപാതകം), 3(5) എന്നീ വകുപ്പുകൾ പ്രകാരം യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.