Crime News: അഞ്ച് വയസ്സുകാരനെ അമ്മയുടെ മുന്നിൽ വെച്ച് തലയറുത്ത് കൊന്നു; പ്രതിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു
Five year old boy killed in Madhya Pradesh: മൂർച്ചയുള്ള ഒരു ഉപകരണം ഉപയോഗിച്ചാണ് വികാസിനെ ആക്രമിച്ചത്. കുട്ടിയുടെ കഴുത്ത് ഉടലിൽ നിന്നും മുറിച്ചുമാറ്റി. തുടർന്ന് അക്രമി കുട്ടിയുടെ തോളിൽ അടിക്കുകയും കുട്ടിയുടെ ശരീരം വികൃതമാക്കുകയും ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതീകാത്മക ചിത്രം
ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിൽ അഞ്ച് വയസ്സുകാരനെ അമ്മയുടെ മുന്നിൽ വെച്ച് തലയറുത്ത് കൊന്നു. പിന്നാലെ പ്രതിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. സംഭവത്തിൽ വികാസ് എന്ന ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്. അമ്മയ്ക്കൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമി തലയറുത്തു കൊല്ലുകയായിരുന്നു എന്നാണ് എൻഡിടിവി റിപ്പോർട്ട്. മഹേഷ് എന്ന 25 വയസ്സുകാരനാണ് പ്രതിയെന്നാണ് സൂചന. ഇരുചക്ര വാഹനത്തിൽ എത്തിയാണ് ഇയാൾ അതിക്രമം നടത്തിയതെന്ന് ദൃക്സാക്ഷികളുടെ മൊഴി. കാലു സിഗ് എന്ന് പേരുള്ള ഒരാളുടെ വീട്ടിലാണ് അമ്മയും കുട്ടിയും താമസിച്ചിരുന്നത്.
വീട്ടിലെത്തിയ മഹേഷ് അവിടെ ഉണ്ടായിരുന്ന മൂർച്ചയുള്ള ഒരു ഉപകരണം ഉപയോഗിച്ചാണ് വികാസിനെ ആക്രമിച്ചത്. കുട്ടിയുടെ കഴുത്ത് ഉടലിൽ നിന്നും മുറിച്ചുമാറ്റി. തുടർന്ന് അക്രമി കുട്ടിയുടെ തോളിൽ അടിക്കുകയും കുട്ടിയുടെ ശരീരം വികൃതമാക്കുകയും ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രതിയെ കുടുംബമോ നാട്ടുകാരോ ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ല. അയാൾക്ക് മാനസികമായ അസ്ഥിരതയുണ്ടായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതേസമയം കൃത്യം നടത്തിയതിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി. പോലീസ് എത്തുന്നതിനു മുമ്പ് ക്രൂരമായി മർദ്ദിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വച്ചാണ് ഇയാൾ മരിച്ചത്.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം കൃത്യമായി വ്യക്തമാകുവെന്ന് പോലീസിനെ ഉദ്ധരിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രതിയായ മഹേഷ് അലിരാജ്പൂർ ജില്ലയിലെ ജോബത് ബാഗ്ഡി നിവാസിയാണെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി. മാനസിക രോഗം ഉള്ള ഇയാളെ കഴിഞ്ഞ മൂന്നുനാലു ദിവസമായി വീട്ടിൽ നിന്നും കാണാതായിരുന്നുവെന്നും കുടുംബം പോലീസിനോട് പറഞ്ഞു. കൂടാതെ അതിദാരുണമായ കൊലപാതകത്തിന് ഒരു മണിക്കൂർ മുമ്പ്, പ്രതി അടുത്തുള്ള ഒരു കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുവാൻ ശ്രമിച്ചതായും ആരോപണമുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഉത്തർപ്രദേശിലും സമാന സംഭവം
ഉത്തർപ്രദേശിലെ ഗോരാഖ്പൂരിൽ ഒരു വയലിൽ നിന്ന് സ്ത്രീയുടെ തലയറുത്ത മൃതദേഹം നാട്ടുകാർ കണ്ടെത്തി. ഉടലിൽ നിന്നും അല്പം അകലെയായി മണ്ണിൽ ഭാഗികമായി കുഴിച്ചിട്ട നിലയിൽ ആയിരുന്നു സ്ത്രീയുടെ തല. കലാവതി യാദവ്(60) ആണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് ഒരു അരിവാളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.