ഫ്ലൈദുബായ് ആക്രണം: ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിൻ്റെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം
MEA Confirms Indian Pilot Attacked by Co-Pilot is Stable: അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത്തിൻ്റെ വിവരങ്ങൾ യു.എ.ഇയിലെ ഇന്ത്യൻ എംബസി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുമായും, ഡോക്ടർമാരുമായും, പ്രാദേശിക അധികൃതരുമായും എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പുതിയ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു
ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ സഹപൈലറ്റിൻ്റെ ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അബുദാബിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത്തിൻ്റെ വിവരങ്ങൾ യു.എ.ഇയിലെ ഇന്ത്യൻ എംബസി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുമായും, ഡോക്ടർമാരുമായും, പ്രാദേശിക അധികൃതരുമായും എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പുതിയ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം വേഗത്തിൽ സുഖം പ്രാപിച്ചുവരികയാണെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ ആശുപത്രിയിലെത്തി ക്യാപ്റ്റൻ സ്മിത്തിനെ നേരിൽ സന്ദർശിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 30-നായിരുന്നു വിമാനയാത്രയ്ക്കിടെ ലോകത്തെയാകെ നടുക്കിയ ഈ സംഭവം ഉണ്ടായത്. 174 യാത്രക്കാരുമായി ഇസ്രായേലിലേക്ക് സർവീസ് നടത്തുകയായിരുന്ന ഫ്ലൈദുബായ് എഫ്.ഇസഡ് 1073 വിമാനത്തിൽ വെച്ചാണ് ക്യാപ്റ്റൻ ആക്രമിക്കപ്പെട്ടത്. ഒമാൻ പൗരനായ സഹപൈലറ്റ്, കോക്പിറ്റിൽ അടിയന്തര ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത്തിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് എമർജൻസി സിഗ്നൽ നൽകിയ വിമാനം 34,000 അടി ഉയരത്തിൽ നിന്ന് പതിനേഴായിരത്തിലധികം അടി താഴ്ചയിലേക്ക് അതിവേഗം താഴേക്ക് പതിക്കാൻ തുടങ്ങി. ഗുരുതരമായി പരിക്കേറ്റ് കോക്പിറ്റിൻ്റെ തറയിൽ വീണുകിടന്ന ക്യാപ്റ്റൻ സ്മിത് വിമാനം അപകടത്തിൽപ്പെടുകയാണെന്ന് മനസ്സിലാക്കി, സർവ്വ ശക്തിയുമെടുത്ത് കോക്പിറ്റിൻ്റെ വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് റിസർവ് പൈലറ്റുമാർ വിമാനം സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. പ്രതിയായ ഒമാൻ പൈലറ്റ് കസ്റ്റഡിയിലാണ്.
അതേസമയം, ഇന്ത്യ-പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഉന്നയിച്ച അവകാശവാദങ്ങളെയും വിദേശകാര്യ മന്ത്രാലയം തള്ളി. വർഷങ്ങളായി അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് കളവ് പറയുക എന്നത് ഒരു ശീലമായി മാറിയിരിക്കുകയാണെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഒക്ടോബർ രണ്ടിന് പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
The MEA confirmed that Indian pilot Captain Smit Machchhar, who was brutally attacked with an axe by his co-pilot on a flydubai flight, is recovering well after surgery in Abu Dhabi.