Global Hunger Index: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ഗുരുതര വിഭാഗത്തില്‍; സ്ഥാനം പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമൊപ്പം
India's Position in Global Hunger Index Report: പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇന്ത്യയോടൊപ്പം ഗുരുതര വിഭാഗത്തിലാണുള്ളത്. എന്നാല്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളാണ് ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവ അല്‍പം കൂടി മെച്ചപ്പെട്ട വിഭാഗമായ മിത വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

പ്രതീകാത്മക ചിത്രം (Image Credits: Social Media)
ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍(Global Hunger Index) ഇന്ത്യയുടെ സ്ഥാനം ഗുരുതര വിഭാഗത്തില്‍. സൂചികയില്‍ 105ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 127 രാജ്യങ്ങളിലെ പട്ടിണിയുടെ തീവ്രതയും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും മനസിലാക്കുന്നതിനായാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്. പോഷകാഹാരക്കുറവ്, ശിശുമരണം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കുന്നത്. ഇന്ത്യയെ കൂടാതെ മറ്റ് 41 രാജ്യങ്ങളാണ് ഗുരുതര വിഭാഗത്തിലുള്ളത്.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇന്ത്യയോടൊപ്പം ഗുരുതര വിഭാഗത്തിലാണുള്ളത്. എന്നാല്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളാണ് ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവ അല്‍പം കൂടി മെച്ചപ്പെട്ട വിഭാഗമായ മിത വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
27.3 സ്‌കോറാണ് ഇന്ത്യയ്ക്ക് നല്‍കിയിട്ടുള്ളത്. നാല് ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഇന്ത്യയുടെ സ്‌കോര്‍ നിര്‍ണയിച്ചത്. രാജ്യത്തെ ജനസംഖ്യയുടെ 13.7 ശതമാനവും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്, അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനം പേര്‍ക്കും വളര്‍ച്ചക്കുറവുണ്ട്, 2.9 ശതമാനം പേരും അഞ്ച് വയസിന് മുമ്പ് മരണപ്പെടുന്നുവെന്നെല്ലാം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഏകദേശം 73 കോടി ജനങ്ങള്‍ ആഗോളതലത്തില്‍ മതിയായ ഭക്ഷണം ലഭിക്കാതെ പട്ടിണി അനുഭവിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മിക്കവയും ആഗോള പട്ടിണി സൂചികയില്‍ അപകടകരമായ വിഭാഗത്തിലാണ്. കോംഗോ, ഹൈതി, മാലി, സിറിയ, സുഡാന്‍, ഗസ, എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളും ആഭ്യന്തര യുദ്ധവുമെല്ലാം ഭക്ഷ്യപ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
സ്‌കോര്‍ നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മുന്നിലേക്കാണ് ഇന്ത്യ പോയിരിക്കുന്നത്. 28.7 എന്ന സ്‌കോറായിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് ലഭിച്ചത്. 125 രാജ്യങ്ങളുടെ പട്ടികയില്‍ 111ാം സ്ഥാനത്താനയിരുന്നു അന്ന് ഇന്ത്യ. 9.9 സ്‌കോറിന് താഴെയുള്ളത് കുറഞ്ഞ വിശപ്പ്, 10 നും 19.9നുമിചയില്‍ ഉള്ളത് മിതമായത്, 20 മുതല്‍ 34.9 വരെയുള്ള സ്‌കോര്‍ ഗുരുതരം, 35 മുതല്‍ 49.9 വരെയുള്ളത് അപകടകരം എന്നിങ്ങനെയാണ് പട്ടിക ക്രമീകരിച്ചിരിക്കുന്നത്. ഈ പട്ടികയില്‍ ഇന്ത്യ തുടര്‍ച്ചയായി ഗുരുതര വിഭാഗത്തിലാണ് വരുന്നത്.
എന്നാല്‍ ഈ സ്‌കോര്‍ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് വരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. 2000 ത്തില്‍ 38.4 എന്ന സ്ഥാനത്തായിരുന്ന ഇന്ത്യ 2008ല്‍ 35.5 ലേക്കെത്തി. 2015ല്‍ 29.2, 2023ല്‍ 28.7 എന്നിങ്ങനെയായി കുറഞ്ഞുവരുന്നുണ്ട്. എന്നിരുന്നാലും സാമ്പത്തിക ശക്തിയിലും ജിഡിപി വളര്‍ച്ചയിലും ഏറെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയുടെ സ്ഥാനം ആശങ്കകള്‍ക്കും വഴിവെക്കുന്നുണ്ട്.
എന്നാല്‍ 2023ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പിഴവുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. ഇന്ത്യയുടെ യഥാര്‍ഥ നിലയല്ല ചിത്രീകരിച്ചതെന്നും കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം പറഞ്ഞിരുന്നു.