Gore Habba: ഗ്രാമവാസികൾ പരസ്പരം ചാണകം എറിഞ്ഞ് ആഘോഷം; ദീപാവലിക്ക് ശേഷം സവിശേഷ ആചാരവുമായി ഇന്ത്യയിലെ ഗ്രാമം
Gore Habba Cow Dung Festival: ഈ അപൂർവ്വ ആഘോഷത്തിനായി ദീപാവലിയുടെ പിറ്റേദിവസം സമീപ ഗ്രാമങ്ങളിൽ നിന്നും അയൽ തമിഴ്‌നാട്ടിൽ നിന്നുമുള്ള ആയിരക്കണക്കിന് ആളുകളാണ് ഈ ഗ്രാമത്തിലേക്ക് ഇരച്ചെത്തുക. ആഘോഷത്തിന്റെ ഭാഗമായി ഗ്രാമവാസികൾ പരസ്പരം ചാണകം വാരിയെറിയുകയും ചാണകം ദേഹത്ത് പുരട്ടുകയും ചെയ്യുന്നു.

Gore Habba
Cow Dung Festival: ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ ദീപാവലി ആഘോഷം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ കർണാടകയിലെ ഒരു ഉൾഗ്രാമത്തിലെ ആളുകൾ ഉറങ്ങാതെ അക്ഷമരായി കാത്തിരിക്കുന്നത് ദീപാവലി കഴിഞ്ഞുള്ള ദിനത്തിനായാണ്. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ തലവാടി താലൂക്കിലെ ഗുമാതാപുര ഗ്രാമവാസികൾ ആണ് ദീപാവലിക്ക് ശേഷം ‘ഗോർ ഹബ്ബ’ എന്ന ആചാരം ഇപ്പോഴും അതിന്റെ തനിമയോടെ കൊണ്ടാടുന്നത്. ഈ അപൂർവ്വ ആഘോഷത്തിനായി ദീപാവലിയുടെ പിറ്റേദിവസം സമീപ ഗ്രാമങ്ങളിൽ നിന്നും അയൽ തമിഴ്‌നാട്ടിൽ നിന്നുമുള്ള ആയിരക്കണക്കിന് ആളുകളാണ് ഈ ഗ്രാമത്തിലേക്ക് ഇരച്ചെത്തുക. ആഘോഷത്തിന്റെ ഭാഗമായി ഗ്രാമവാസികൾ പരസ്പരം ചാണകം വാരിയെറിയുകയും ചാണകം ദേഹത്ത് പുരട്ടുകയും ചെയ്യുന്നു.
ജീവിതത്തിൽ അനുഗ്രഹങ്ങളും ഐക്യവും ശുദ്ധീകരണവും കൊണ്ടുവരുമെന്നാണ് ഈ ആഘോഷത്തിനു പിന്നിലുള്ള വിശ്വാസം. ആഘോഷങ്ങൾ ആരംഭിക്കുന്നത് ബീരേശ്വര ക്ഷേത്രത്തിൽ നിന്നാണ്. ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിൽ എത്തി ഗ്രാമവാസികൾ പ്രാർത്ഥനകൾ നടത്തുകയും പുതിയ ചാണകങ്ങൾ കൊണ്ട് കൂമ്പാരങ്ങൾ കൂട്ടുകയും ചെയ്യുന്നു. കൂടാതെ കുട്ടികൾ വീടുകൾ തോറും പോയി പാലും നെയ്യും ശേഖരിക്കും. ഇവ ഗ്രാമദേവതയായ കരേശ്വരന്റെ പ്രത്യേക ആചാരപരമായ നീരാട്ടിനായി ഉപയോഗിക്കുന്നു. കൂടാതെ ആഘോഷത്തിന്റെ ഭാഗമായി ഇലകളും പുല്ലും ധരിച്ച്, വ്യാജ മീശയും വൈക്കോൽ മാലയും ധരിച്ച് ‘ചാടിക്കോറ’ എന്നറിയപ്പെടുന്ന ഒരു പ്രതീകാത്മക കഥാപാത്രം കഴുതപ്പുറത്ത് ഗ്രാമത്തിലൂടെ എഴുന്നള്ളിക്കപ്പെടുന്നു. ചാണകം കൊണ്ടുള്ള ആഘോഷം തുടങ്ങുന്നതിനു മുമ്പായി ഘോഷയാത്ര ബീരപ്പ ക്ഷേത്രത്തെ ചുറ്റി സഞ്ചരിക്കുന്നു. ഗ്രാമദേവതയുടെ ആഗ്രഹം നിറവേറ്റുന്ന പാരമ്പര്യമാണിതെന്നും അവരുടെ സാംസ്കാരിക സ്വത്വത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും നാട്ടുകാർ പറയുന്നു.
പിന്നിലെ കഥ
ഉത്സവത്തിന്റെ ഉത്ഭവത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് ഗ്രാമത്തിലെ മുതിർന്നവർ പറയുന്നത്. വടക്കൻ ദേശത്തുനിന്നുള്ള ഒരു പുണ്യപുരുഷൻ നാട്ടിലെ കാലെഗൗഡ എന്ന ആളിന്റെ വീട്ടിൽ താമസിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. അദ്ദേഹം മരണപ്പെട്ടതോടെ, അദ്ദേഹത്തിന്റെ സാധനങ്ങൾ ഒരു കുഴിയിലേക്ക് വലിച്ചെറിഞ്ഞു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ആ കുഴിയിലൂടെ കടന്നുപോയ ഒരു വണ്ടിയിൽ ഒരു ലിംഗം (ശിവന്റെ പ്രതീകം) കണ്ടെത്തി, വണ്ടിച്ചക്രം അതിന് മുകളിലൂടെ ഉരുണ്ടുകയറിയതോടെ രക്തം വാർന്നൊഴുകാൻ തുടങ്ങി. ആ രാത്രിയിൽ, ഗ്രാമത്തിലെ ഒരാളുടെ സ്വപ്നത്തിൽ സന്യാസി പ്രത്യക്ഷപ്പെട്ട്, തന്റെ സ്മരണാർത്ഥം എല്ലാ വർഷവും ദീപാവലിയുടെ പിറ്റേന്ന് ഗോർ ഹബ്ബ ആഘോഷിക്കാൻ അവരോട് നിർദ്ദേശിച്ചുവെന്നാണ് വിശ്വാസം. ഇപ്പോഴുള്ള ബീരപ്പ ക്ഷേത്രം ആ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.