Kerala rain alert september: ഓണം മാത്രമല്ല സെപ്റ്റംബർ മുഴുവൻ വെള്ളത്തിൽ…പുതിയ മുന്നറിയിപ്പെത്തി
Heavy Rainfall Expected in September Across India: തെക്കന്‍ ഉപദ്വീപിലെ പല ഭാഗങ്ങളിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും സാധാരണയേക്കാള്‍ മഴ കുറയുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തിന്റെ വാര്‍ത്തകള്‍ എത്തിത്തുടങ്ങിയതിനു പിന്നാലെ പുതിയ മഴ മുന്നറിയിപ്പ് എത്തുന്നു. സെപ്തംബറിലും രാജ്യത്ത് മഴ തുടരുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മഴക്കെടുതിയില്‍ വലയുകയാണ് ഇപ്പോള്‍. സെപ്തംബറില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
സെപ്തംബറില്‍ രാജ്യത്ത് 167.9 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 109 ശതമാനത്തില്‍ കൂടുതല്‍ മഴ പെയ്തിറങ്ങിയേക്കും എന്നു സൂചനകള്‍ എത്തുന്നു. ഓണം മാത്രമല്ല ഈ മാസം മുഴുവന്‍ വെള്ളത്തിലാകും എന്നു വേണം ഇതിലൂടെ മനസ്സിലാക്കാന്‍. രാജ്യവ്യാപകമായി സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കും. എന്നാല്‍ വടക്കുകിഴക്കന്‍, കിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളിലും, തെക്കന്‍ ഉപദ്വീപിലെ പല ഭാഗങ്ങളിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും സാധാരണയേക്കാള്‍ മഴ കുറയുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഉത്തരാഖണ്ഡില്‍ നിന്നും ഉത്ഭവിക്കുന്ന നദികളില്‍ വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്നും സൂചനകളെത്തിയതിനേത്തുടര്‍ന്ന് നദീ തീരത്തെ നഗരങ്ങളെയും പട്ടണങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചേയ്ക്കും എന്നാണ് വിലയിരുത്തല്‍. ഛത്തീസ്ഗഡിലെ മഹാനദിയുടെ വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും ഐഎംഡി അധികൃതര്‍ അറിയിച്ചു. നദിക്കരയില്‍ താമസിക്കുന്നത് ഇതിനാല്‍ തന്നെ അതീവ ജാഗ്രത പാലിക്കണം.