Independence Day 2025: സ്വാതന്ത്ര്യദിനം പടിവാതിലിൽ; കുട്ടികൾക്ക് പറയാനുള്ള ഒരു പ്രസംഗം ഇതാ
Independence Day 2025 Speech In Malayalam: സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളിൽ പ്രസംഗമത്സരങ്ങൾ നടക്കാറുണ്ട്. ഈ മത്സരങ്ങളിൽ അവതരിപ്പിക്കാവുന്ന ഒരു പ്രസംഗം ഇതാ.

സ്വാതന്ത്ര്യ ദിനം
രാജ്യം 79ആം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങുകയാണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളുകളും സാംസ്കാരിക സംഘടനകളും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ പരിപാടികളിൽ പ്രസംഗമത്സരവും നടക്കാറുണ്ട്. ഇത്തരം മത്സരങ്ങളിൽ കുട്ടികൾക്ക് പറയാവുന്ന ഒരു പ്രസംഗം ഇതാ.
ബഹുമാനപ്പെട്ട അധ്യാപകരേ, സുഹൃത്തുക്കളേ, മറ്റ് വിശിഷ്ടാതിഥികളേ. (ഇത് വേദിയനുസരിച്ച് മാറ്റാവുന്നതാണ്) നിങ്ങൾക്ക് എൻ്റെ കൂപ്പുകൈ.
നമ്മുടെ രാജ്യം 79ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പതിറ്റാണ്ടുകളോളം ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന നമ്മുടെ ഇന്ത്യ 1947 ഓഗസ്റ്റ് 15നാണ് സ്വതന്ത്ര്യരാജ്യമായത്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, അബുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഏറെ ത്യാഗങ്ങളും അതിക്രമങ്ങളും സഹിച്ചാണ് നമുക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിത്തന്നത്. ഇവർ ഉൾപ്പെടുന്ന നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെ നിരന്തര പോരാട്ടങ്ങൾക്ക് ശേഷം 1947 ഓഗസ്റ്റ് 15 അർദ്ധരാത്രി നമ്മുടെ രാഷ്ട്രം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിതയായി.
Also Read: Aadhar : ആധാർ കാർഡ് പൗരത്വത്തിൻറെ നിർണായക തെളിവല്ല, സുപ്രധാന പരാമർശവുമായി സുപ്രീംകോടതി
സമാനതകളില്ലാത്ത ക്രൂരതകളാണ് ഇവർ സഹിച്ചത്. ബ്രിട്ടീഷുകാർ നിരവധി പേരെ ക്രൂരമായി കൊലപ്പെടുത്തി. വീരനായകൻ ഭഗത് സിംഗ് അടക്കമുള്ളവർ ബ്രിട്ടീഷ് ഭരണത്തെ എതിർത്തതിന് കൊല്ലപ്പെട്ടവരാണ്. നമ്മുടെ കൊച്ചുകേരളവും രാഷ്ട്രസ്വാതന്ത്ര്യത്തിനായി പോരാടിയിരുന്നു. മഹാത്മാഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹത്തെ അനുകൂലിച്ച് കെ കേളപ്പൻ്റെ നേതൃത്വത്തിൽ കാസർഗോഡ് തൃക്കരിപ്പൂറും ഉപ്പു കുറുക്കി സമരം നടന്നു. കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പൻ, പി കേശവ മേനോൻ, മന്നത്ത് പത്മനാഭൻ, അക്കാമ്മ ചെറിയാൻ, വൈക്കം മുഹമ്മദ് ബഷീർ, ആലി മുസ്ലിയാർ തുടങ്ങിയവർ സ്വാതന്ത്ര്യത്തിനായി പോരാടിയ മലയാളികളിൽ പ്രമുഖരാണ്.
ബ്രിട്ടീഷുകാരിൽ നിന്ന് നമ്മുടെ നാട് സ്വതന്ത്ര്യമായതിൻ്റെ ഓർമക്കായാണ് എല്ലാ വർഷവും ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്. ഇന്നേ ദിവസം നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹത്തുക്കളെ നമുക്ക് ഓർമ്മിക്കാം. നമുക്ക് കെട്ടുപാടുകളില്ലാതെ ജീവിക്കാൻ കഷ്ടപ്പെട്ട്, കരുത്തരായ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പോരാടി, സങ്കല്പിക്കാനാവാത്തെ പീഡനങ്ങളും ക്രൂരതകളും സഹിച്ച് നമുക്ക് മുൻപേ കടന്നുപോയവരെ നന്ദിയോടെ സ്മരിക്കാം.
ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.