Independence day 2025: സ്വാതന്ത്ര്യം ലഭിച്ചിട്ടും ത്രിവർണ്ണ പതാക ഉയർത്താതിരുന്ന ഇന്ത്യന്‍ ഗ്രാമം, കാരണം അറിയാം….
Independence day 2025: 2018 മാർച്ച് 23 -ന് അന്നത്തെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഗ്രാമത്തിലെത്തി ദേശീയ പതാക ഉയർത്തുന്നത് വരെ ആ ഗ്രാമം ഇന്ത്യയുടെ ദേശീയ പതാക ഉയർത്തിയിരുന്നില്ല.
ബ്രീട്ടീഷ് ഭരണത്തിന്റെ ഇരുട്ടകാലത്ത് നിന്ന് മുക്തി നേടിയിട്ട് 79 വർഷം. നാളെ, ഓഗസ്റ്റ് 15ന് ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യദിനം കൊണ്ടാടുന്നു. ദേശീയ പതാക ഉയർത്തുന്നു. എന്നാൽ സ്വാതന്ത്ര്യം ലഭിച്ചിട്ടും വർഷങ്ങളോളം ദേശീയ പതാക ഉയർത്താതിരുന്ന ഒരു ഇന്ത്യൻ ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
ഹരിയാനയിലെ റോഹനാഥ് എന്ന ഗ്രാമമാണ് സ്വാതന്ത്ര്യം ലഭിച്ചിട്ടും വർഷങ്ങളോളം ദേശീയ പതാക ഉയർത്താതിരുന്നത്. അതും ഒന്നും രണ്ടുമല്ല, നീണ്ട 71 വർഷത്തോളം. 2018 മാർച്ച് 23 -ന് അന്നത്തെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഗ്രാമത്തിലെത്തി ദേശീയ പതാക ഉയർത്തുന്നത് വരെ ആ ഗ്രാമം ഇന്ത്യയുടെ ദേശീയ പതാക ഉയർത്തിയിരുന്നില്ല.
റോഹനാഥ് കലാപം
ഗ്രാമവാസികളുടെ ശക്തമായ തീരുമാനത്തിന് പിന്നിൽ ഒരു കാരണമുണ്ട്, കൂട്ട കൊലപാതകത്തിന്റെ നടുക്കുന്ന ഓർമകളുണ്ട്. 1887ൽ റോഹനാഥ് ഗ്രാമത്തിലെ ഫലഭൂയിഷ്ഠമായ കൃഷിഭൂമി ലേലം ചെയ്യാൻ ഈസ്റ്റ് ഇന്ത്യാ കമ്പനി തീരുമാനിച്ചു. നൂറ്റാണ്ടുകളായി അവിടെ കൃഷി ചെയ്ത കർഷകരെ പരിഗണിക്കാതെ ഫലഭൂയിഷ്ഠമായ കൃഷി ഭൂമി, ബ്രിട്ടീഷുകാര്‍ ഏറ്റെടുക്കുകയും ലേലം ചെയ്യുകയും ചെയ്തു. ഏകദേശം 20,856 ബിഗാ കൃഷിഭൂമിയാണ് ലേലം ചെയ്തത്.
ALSO READ: ആദ്യ ഇന്ത്യൻ പതാകയിൽ മഞ്ഞയും ചുവപ്പും നിറവും; ത്രിവർണ പതാകയുടെ കഥ ഇങ്ങനെ…
ജനിച്ച് വളര്‍ന്ന മണ്ണ് അന്യമാകുന്നത് കണ്ട ഗ്രാമവാസികൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപത്തിനിറങ്ങി. ഗ്രാമവാസികൾ ഹിസാർ ജയിലിൽ അതിക്രമിച്ച് കയറി രാജ്യത്തെ ആദ്യത്തെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് അവിടെ തടവിലാക്കപ്പെട്ടവരെ മോചിപ്പിച്ചു. കലാപം ഹരിയാനയിലെമ്പാടും വ്യാപിച്ചു. ബ്രിട്ടീഷുകാർ ഗ്രാമത്തിലുള്ളവരെ പിടികൂടി കൊലപ്പെടുത്തി.
ഗ്രാമീണരെ റോഡില്‍ കിടത്തി, അവരുടെ ശരീരത്തിലൂടെ റോഡ് റോളർ കയറ്റി ഇറക്കി. റോഡ് മുഴുവൻ മനുഷ്യരുടെ ശരീരവും എല്ലും രക്തവും നിറഞ്ഞു. ഇന്നും ഈ റോഡ് ‘ലാൽ സഡക്’ (ചുവന്ന റോഡ്, രക്തപാത) എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. ബ്രിട്ടീഷുകാരെ പേടിച്ച് സ്ത്രീകൾ ഗ്രാമ കിണറില്‍ ചാടി, ആരും രക്ഷപ്പെടാതിരിക്കാന്‍ ബ്രിട്ടീഷുകാര്‍ കിണറിൽ ചളി നിറച്ച് അടച്ചു. ബാക്കിയായവരെ ഗ്രാമത്തിലെ ആൽമരത്തില്‍ തൂക്കിലേറ്റി. ബ്രിട്ടീഷുകാര്‍ ഈ ഗ്രാമത്തിന് ‘വിമതരുടെ ഗ്രാമം’ എന്ന പേര് നല്‍കി.
തങ്ങളുടെ മണ്ണ് തിരികെ ലഭിക്കുന്നത് വരെ സ്വാതന്ത്രം ലഭിച്ചതായി കരുതില്ലെന്ന് ഗ്രാമവാസികൾ പ്രതിജ്ഞയെടുത്തു. 1947 -ല്‍ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അവര്‍ക്ക് നഷ്ടപ്പെട്ട മണ്ണിന് പുതിയ ജമീന്ദാറുകൾ ഉടമകളായിത്തീര്‍ന്നിരുന്നു. തട്ടിയെടുക്കപ്പെട്ട മണ്ണ് തിരികെ കിട്ടാതെ ത്രിവർണ്ണ പതാക ഉയര്‍ത്തില്ലെന്ന് അവർ പ്രതിജ്ഞയെടുത്തു. 71 വര്‍ഷത്തോളം മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഗ്രാമത്തിലെത്തി 2018 മാർച്ച് 23 -ന് ത്രിവർണ്ണ പതാക ഉയര്‍ത്തും വരെ അവരാ പ്രതിജ്ഞ കാത്തു. ഗ്രാമവാസികൾക്ക് ഭൂമി തിരികെ നല്‍കുമെന്ന് ഉറപ്പ് നല്‍കിയാണ് അദ്ദേഹം പതാക ഉയർത്തിയത്.