India Pakistan Conflict: പാക് ചാരന്മാർ ഫോണിൽ ബന്ധപ്പെട്ടേക്കാം; കരുതിയിരിക്കണമെന്ന് പ്രതിരോധ വകുപ്പ്
Pak Spies Making Calls To Extract Information: പാക് ചാരന്മാർക്കെതിരെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെന്ന വ്യാജേന പാക് ചാരന്മാർ ഫോണിൽ ബന്ധപ്പെട്ടേക്കാമെന്നും കരുതിയിരിക്കണമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പാക് ചാരന്മാർ ഫോണിൽ ബന്ധപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രാലയം. പ്രതിരോധ ഉദ്യോഗസ്ഥരെന്ന വ്യാജേനയാവും ഇത്തരം കോളുകൾ വരിക. ഈ കോളുകളോട് പ്രതികരിക്കരുതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിവിധ ദേശീയമാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു.
ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ പാക് ചാരന്മാർ ഫോണിൽ ബന്ധപ്പെട്ടേക്കുമെന്നാണ് മുന്നറിയിപ്പ്. +91 7340921702 എന്ന നമ്പറിൽ നിന്നാവും കോളുകൾ. വാട്സപ്പിൽ മെസേജ് ലഭിക്കാനും സാധ്യതയുണ്ട്. ഇന്ത്യൻ നമ്പർ ആയതുകൊണ്ട് തന്നെ പ്രത്യേക ശ്രദ്ധ വേണമെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെന്ന വ്യാജേനയാവും കോൾ വരിക. സാധാരണക്കാരെയും മാധ്യമപ്രവർത്തകരെയും ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ എന്തെന്നറിയാനും വിവരങ്ങൾ ശേഖരിക്കാനും പാകിസ്താൻ ഇൻ്റലിജൻസ് നടത്തുന്ന ശ്രമങ്ങളാണ് ഇത് എന്നും അധികൃതർ അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. സൈന്യത്തിൻ്റേത് അസാമാന്യ ധീരതയാണെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു. സിന്ദൂർ എന്നത് വെറുമൊരു പേരല്ല. രാജ്യത്തിൻ്റെ വികാരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദികളുടെ പരിശീലന കേന്ദ്രം തകർക്കാൻ നമുക്ക് സാധിച്ചു. നമ്മൾ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല. നൂറിലധികം ഭീകരരെ നമ്മൾ വധിച്ചു. പാകിസ്താൻ വിക്ഷേപിച്ച മിസൈലുകളെയും ഡ്രോണുകളെയും നമ്മൾ തകർത്തു. നിവൃത്തിയില്ലാതെ പാകിസ്താനാണ് ഇങ്ങോട്ട് വെടിനിർത്തൽ ആവശ്യപ്പെട്ടത്. ആണവായുധ ഭീഷണി വെച്ചുപൊറുപ്പിക്കില്ല. തീവ്രവാദികളെയും തീവ്രവാദികളെ പിന്തുണയ്ക്കുന്നവരെയും വെറുതെവിടില്ല. തത്കാലത്തേക്കാണ് ഇന്ത്യ സൈനിക നടപടി നിർത്തിവച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു.