AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Pakistan Conflict: ‘യുദ്ധം ബോളിവുഡ് സിനിമയല്ല’; വെടിനിർത്തൽ ധാരണയെ വിമർശിക്കുന്നവർക്കെതിരെ കരസേന മുൻ മേധാവി

MM Naravane Says War Is Not A Bollywood Movie: യുദ്ധം ബോളിവുഡ് സിനിമയല്ലെന്ന് കരസേന മുൻ മേധാവി ജനറല്‍ എംഎം നാരാവനെ. നയതന്ത്രത്തിനാവും താൻ കൂടുതൽ പ്രാധാന്യം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

India Pakistan Conflict: ‘യുദ്ധം ബോളിവുഡ് സിനിമയല്ല’; വെടിനിർത്തൽ ധാരണയെ വിമർശിക്കുന്നവർക്കെതിരെ കരസേന മുൻ മേധാവി
എംഎം നരാവനെImage Credit source: Social Media
abdul-basith
Abdul Basith | Published: 12 May 2025 19:54 PM

വെടിനിർത്തൽ ധാരണയെ വിമർശിക്കുന്നവർക്കെതിരെ കരസേന മുൻ മേധാവി ജനറല്‍ എംഎം നാരാവനെ. യുദ്ധം ബോളിവുഡ് സിനിമയോ കാല്പനികതയോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനുമായി വെടിനിർത്തൽ ധാരണയായതിനെതിരെ വ്യാപകമായ വിമർശനങ്ങളുയർന്നിരുന്നു. സൈബർ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തൻ്റെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എംഎം നാരാവനെയുടെ പ്രതികരണം.

ഉത്തരവ് വന്നാൽ താൻ യുദ്ധത്തിന് പോകുമെങ്കിലും നയതന്ത്രത്തിനാവും പ്രധാന പരിഗണന നൽകുകയെന്ന് നാരാവനെ പറഞ്ഞു. പ്രക്ഷുബ്ധമായ ഒരു ആഴ്ചയാണ് കഴിഞ്ഞുപോയത്. സൈനിക നടപടികൾ നിർത്തിവെക്കലാണ് ഇപ്പോൾ സംഭവിച്ചത്. ഇതൊരു വെടിനിർത്തൽ അല്ല. വരും ദിവസങ്ങളിൽ കാര്യങ്ങൾ എങ്ങനെ വികസിക്കുമെന്ന് കാത്തിരുന്ന് കാണാം. സൈനികപ്രവർത്തനങ്ങൾ നിർത്തിവച്ചത് ശരിയായ നടപടിയാണോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. നഷ്ടങ്ങൾ പരിഹരിക്കപ്പെടാൻ കഴിയാത്തത് ആവുന്നതിന് മുൻപ് ജ്ഞാനിയായ വ്യക്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പൂനെയിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു.

ഭീകരക്യാമ്പുകളും പാക് വ്യോമ താവളങ്ങളും ഇന്ത്യ ആക്രമിച്ചതിലൂടെ ഭീകരരെ പിന്തുണയ്ക്കുന്ന സമീപനം വലിയ സാമ്പത്തികഭാരമാണ് വരുത്തിവെക്കുക എന്ന് പാകിസ്താന് ബോധ്യമായിട്ടുണ്ടാവണം. അതാണ് വെടിനിർത്തൽ ആവശ്യപ്പെടാൻ പാകിസ്താൻ ഡിജിഎംഒയെ പ്രേരിപ്പിച്ചത്. അതിർത്തിമേഖലകളിലെ ഷെല്ലാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന കുട്ടികളും മാതാപിതാക്കളുമൊക്കെ നഷ്ടങ്ങളാണ്. ഇതിൻ്റെ ആഘാതം തലമുറകളോളം നിൽക്കും. യുദ്ധം കാല്പനികതയല്ല, ബോളിവുഡ് സിനിമയുമല്ല. വളരെ ഗൗരവമുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.