Operation Sindoor: സൈന്യത്തിൻ്റേത് അസാമാന്യ ധൈര്യം; തീവ്രവാദികളുടെ പരിശീലക കേന്ദ്രം നമ്മൾ തകർത്തു എന്ന് പ്രധാനമന്ത്രി
Narendra Modi Appreciates Armys Courage: ഓപ്പറേഷൻ സിന്ദൂറിൽ സൈന്യം കാണിച്ചത് അസാമാന്യ ധീരതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദികളുടെ പരിശീലന കേന്ദ്രം നമ്മൾ തകർത്തു. ഓപ്പറേഷൻ സിന്ദൂർ സ്ത്രീകൾക്ക് സമർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിൻ്റേത് അസാമാന്യ ധീരതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു എന്ന് അറിയിച്ചു. തീവ്രവാദികളുടെ പരിശീലക കേന്ദ്രം നമ്മൾ തകർത്തു. അവർ സ്വപ്നത്തിൽ പോലും കരുതിയില്ല നമ്മൾ ഇങ്ങനെയൊരു തീരുമാനം എടുക്കുമെന്ന്. സിന്ദൂർ വെറുമൊരു പേരല്ല എന്നും അദ്ദേഹം പറഞ്ഞു.
ഭാരതം ഭീകരകേന്ദ്രങ്ങൾ ഭസ്മമാക്കി. നൂറിലധികം ഭീകരരെ വധിച്ചു. പാക് ഡ്രോണുകളും മിസൈലുകളും തകർത്തു. ഭീകരവാദത്തിൻ്റെ ആസ്ഥാനം തകർത്തു, ആഗോളതീവ്രവാദത്തിനാണ് തിരിച്ചടിയേറ്റത്. ഭീകരകേന്ദ്രങ്ങൾ മാത്രമല്ല, അവരുടെ ആത്മവിശ്വാസം കൂടി നമ്മൾ തകർത്തു. നിവൃത്തിയില്ലാതെ പാകിസ്താൻ ഇങ്ങോട്ട് വെടിനിർത്തൽ ആവശ്യപ്പെടുകയായിരുന്നു. സിന്ദൂർ രാജ്യത്തിൻ്റെ വികാരമാണ്.
പഹൽഗാമിൽ പിടഞ്ഞുവീണത് നിഷ്കളങ്കരാണ്. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. അത്തരം ഭീഷണി വെച്ചുപൊറുപ്പിക്കില്ല. തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും വെറുതെവിടില്ല. പാകിസ്താൻ ഭരണകൂടം പിന്തുണയ്ക്കുന്ന ഭീകരർക്കെതിരെ നടപടി തുടരും.
പുതിയകാല യുദ്ധ രീതികളിലും ഇന്ത്യ കരുത്ത് തെളിയിച്ചു. ഈ യുഗം യുദ്ധത്തിൻ്റേതും തീവ്രവാദത്തിൻ്റേതുമല്ല. വെടിനിർത്തൽ ചെറിയ വിരാമം മാത്രമാണ്. ഭീകരവാദവും ചർച്ചയും ഒരുമിച്ച് നടക്കില്ല. ഭീകരവാദവും വ്യവഹാരവും ഒരുമിച്ച് നടക്കില്ല. പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് മാത്രമാണ് ചർച്ച എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ അതിർത്തിയിൽ യുദ്ധം ചെയ്യാനാണ് പാകിസ്താൻ ശ്രമിച്ചത്. എന്നാൽ, പാകിസ്താൻ്റെ ആക്രമണങ്ങളൊക്കെ ഇന്ത്യ തകർത്തു. തത്കാലത്തേക്ക് മാത്രമാണ് ഇന്ത്യ സൈനികനടപടി നിർത്തിവച്ചത്. ഇന്ത്യയുടെ സൈനികനയം ഇനി ഓപ്പറേഷൻ സിന്ദൂർ ആയിരിക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു.