Tatkal Train Ticket: തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ നിബന്ധനയുമായി റെയിൽവേ; നിയന്ത്രണം അടുത്ത മാസം മുതൽ
New Tatkal Train Ticket Booking: ഐആർസിടിസി വെബ്സൈറ്റിൽ 130 ദശലക്ഷത്തിലധികം വരിക്കാരിൽ 12 ദശലക്ഷം മാത്രമാണ് ആധാർ വെരിഫൈ ചെയ്ത അക്കൗണ്ടുകളെന്നും റെയിൽവേ കണ്ടെത്തി. ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ അക്കൗണ്ടുകൾക്കും പ്രത്യേക പരിശോധന നടത്തും. സംശയകരമെന്ന് കണ്ടെത്തുന്ന അക്കൗണ്ടുകൾ റദ്ദ് ചെയ്യും.

Train
ന്യൂഡൽഹി: രാജ്യത്ത് ഇനി മുതൽ തൽക്കാൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് പുതിയ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട് ഇ-ആധാർ വെരിഫിക്കേഷൻ നടപ്പിലാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യഥാർത്ഥ യാത്രക്കാർക്ക് ആവശ്യസമയത്ത് ടിക്കറ്റുകൾ കൺഫേം ചെയ്ത് ലഭിക്കുന്നതിനായാണ് ഇത്തരമൊരു നീക്കം. തത്കാൽ ടിക്കറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുന്നതിനും പുതിയ മാറ്റം ഗുണകരമാകുമെന്ന് അദ്ദേഹം അറിയിച്ചു.
മെയ് 24 മുതൽ ജൂൺ രണ്ട് വരെയുള്ള ഓൺലൈൻ തത്കാൽ ടിക്കറ്റ് ബുക്കിങ് വിശകലനം ചെയ്ത ശേഷമാണ് ഈ നടപടി. ബുക്കിങ്ങിനായി സൈറ്റ് തുറന്നതിന് പിന്നാലെ ആദ്യ മിനിറ്റിൽ എസി ക്ലാസ് ടിക്കറ്റുകളിൽ ശരാശരി 5,615 എണ്ണം മാത്രമാണ് ബുക്ക് ചെയ്തത്. എന്നാൽ, രണ്ടാം മിനിറ്റിൽ ഇത് 22,827 ആയി ഉയർന്നു. ആദ്യ 10 മിനിറ്റിനുള്ളിൽ 62.5 ശതമാനം ടിക്കറ്റുകളും, ബാക്കിയുള്ള 37.5 ശതമാനം ടിക്കറ്റുകൾ വിൻഡോ തുറന്ന് 10 മിനിറ്റ് മുതൽ ചാർട്ട് തയ്യാറാക്കുന്നത് വരെയുമാണ് ബുക്ക് ചെയ്തിരിക്കുന്നത്.
നോൺ-എസി വിഭാഗങ്ങളിലും സമാനമായ പ്രവണത കണ്ടു. എന്നാൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിക്കുന്നതിനെതിരെ എഐ ഉപയോഗിച്ച് റെയിൽവേ ഒരു പ്രചാരണം ആരംഭിച്ചിരുന്നു. ഇത്തരം ഉപയോഗം കണ്ടെത്തി കഴിഞ്ഞ ആറ് മാസത്തിനിടെ 24 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് റെയിൽവേ ബ്ലോക്ക് ചെയ്തത്. ഏകദേശം 2 ദശലക്ഷം അക്കൗണ്ടുകൾ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്തു.
നിലവിൽ, ഐആർസിടിസി വെബ്സൈറ്റിൽ 130 ദശലക്ഷത്തിലധികം വരിക്കാരിൽ 12 ദശലക്ഷം മാത്രമാണ് ആധാർ വെരിഫൈ ചെയ്ത അക്കൗണ്ടുകളെന്നും റെയിൽവേ കണ്ടെത്തി. ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ അക്കൗണ്ടുകൾക്കും പ്രത്യേക പരിശോധന നടത്തും. സംശയകരമെന്ന് കണ്ടെത്തുന്ന അക്കൗണ്ടുകൾ റദ്ദ് ചെയ്യും.
എന്നാൽ ഇനിമുതൽ ആധാർ വെരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് മാത്രമാകും ഓൺലൈൻ വഴി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ. ബുക്കിങ്ങിന് ആധാർ അധിഷ്ഠിത ഒടിപി ഓതൻ്റിക്കേഷൻ ഉണ്ടാകും. കൗണ്ടർ വഴിയുള്ള തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ആധാർ വെരിഫിക്കേഷൻ ആവശ്യമായി വന്നേക്കാം. റെയിൽവേയുടെ പുതിയ രീതി ഈ മാസം അവസാനം മുതൽ പ്രാബല്യത്തിൽ വന്നേക്കും.